144 വർഷത്തെ കാത്തിരിപ്പ് സഫലം; സഗ്രഡ ഫാമിലിയയുടെ മധ്യഗോപുരം വെഞ്ചരിച്ച് ലിയോ മാർപാപ്പ

144 വർഷത്തെ കാത്തിരിപ്പ് സഫലം; സഗ്രഡ ഫാമിലിയയുടെ മധ്യഗോപുരം വെഞ്ചരിച്ച് ലിയോ മാർപാപ്പ

ബാഴ്‌സലോണ: വാസ്തുശില്പ കലയുടെ വിസ്മയമായ ബാഴ്‌സലോണയിലെ സഗ്രഡ ഫാമിലിയ ബസിലിക്ക ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. വിഖ്യാത വാസ്തുശില്പി ആന്റണി ഗൗഡിയുടെ വിയോഗത്തിന്റെ നൂറാം വാർഷിക ദിനമായ ജൂൺ പത്തിന് ലിയോ പതിനാലാമൻ മാർപാപ്പ ബസിലിക്കയിലെ യേശു ക്രിസ്തുവിന്റെ നാമത്തിലുള്ള മധ്യ ഗോപുരം വെഞ്ചരിച്ച് ഉദ്ഘാടനം ചെയ്തു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഗൗഡിയുടെ സ്വപ്ന പദ്ധതിയുടെ ഏറ്റവും ആകർഷകമായ ഈ ഗോപുരം പൂർത്തിയായത്. നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബസിലിക്കയിൽ നടന്ന പ്രത്യേക ദിവ്യബലിയിൽ മാർപാപ്പ മുഖ്യകാർമ്മികത്വം വഹിച്ചു.

തുടർന്ന് ദേവാലയത്തിന്റെ ഏറ്റവും ഉയരത്തിലുള്ളതും പ്രതീകാത്മകവുമായ 'ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്' പാപ്പ ആശീർവദിച്ചു. പ്രാർത്ഥനകൾക്കും വിശ്വാസികൾക്കുമൊപ്പം ആന്റണി ഗൗഡിയുടെ ശവകുടീരത്തിലും മാർപാപ്പ ആദരാഞ്ജലികൾ അർപ്പിച്ചു.

ദൈവ വചനത്തെയും ദിവ്യകാരുണ്യത്തെയും ഒന്നിപ്പിക്കുന്ന ഐക്യത്തിന്റെ പ്രതീകമാണ് ഈ ബസിലിക്കയെന്ന് മാർപാപ്പ അഭിപ്രായപ്പെട്ടു. "ക്രിസ്തീയ ജീവിതത്തിന്റെ തുടർച്ചയായ വളർച്ചയെയാണ് സഗ്രഡ ഫാമിലിയയുടെ നിർമ്മാണ പുരോഗതി പ്രതിനിധീകരിക്കുന്നത്," പാപ്പ പറഞ്ഞു.

1882 ൽ നിർമ്മാണം ആരംഭിച്ച ഈ മഹാശില്പം പൂർത്തിയാക്കാൻ അഞ്ച് തലമുറകളുടെ കഠിനാധ്വാനമാണ് വേണ്ടിവന്നത്. 1926 ൽ ഗൗഡി അന്തരിക്കുമ്പോൾ വളരെ കുറച്ചു ഭാഗം മാത്രമാണ് പൂർത്തിയായിരുന്നുള്ളൂ. കത്തോലിക്ക വിശ്വാസിയായ ഗൗഡി തന്റെ ജീവിതത്തിന്റെ വലിയൊരു പങ്കും ഈ ദേവാലയത്തിനായി ഉഴിഞ്ഞുവെച്ചു.

2010 ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ബസിലിക്കയുടെ കൂദാശ നിർവ്വഹിച്ചിരുന്നു. വർഷം തോറും 45 ലക്ഷത്തോളം വിനോദ സഞ്ചാരികളെയും വിശ്വാസികളെയും ആകർഷിക്കുന്ന ഈ ബസിലിക്ക 2005 മുതൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയുടെ ഭാഗമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.