എത്യോപ്യൻ കത്തോലിക്കാ സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ; ആർച്ച് ബിഷപ്പായി ബിഷപ്പ് അബുൻ ടെസ്ഫായിയെ നിയമിച്ച് ലിയോ പാപ്പ

എത്യോപ്യൻ കത്തോലിക്കാ സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ; ആർച്ച് ബിഷപ്പായി ബിഷപ്പ് അബുൻ ടെസ്ഫായിയെ നിയമിച്ച് ലിയോ പാപ്പ

അഡിസ് അബാബ: എത്യോപ്യൻ കത്തോലിക്കാ സഭയുടെ പുതിയ പരമാധ്യക്ഷനായി ബിഷപ്പ് അബുൻ ടെസ്ഫായി ടാഡെസ് ഗെബ്രെസിലാസിയെ ലിയോ മാർപാപ്പ നിയമിച്ചു. നിലവിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് കർദിനാൾ ബെർഹാനെയേസസ് സൗറാഫീലിന്റെ രാജി സ്വീകരിച്ചതിന് പിന്നാലെയാണ് പുതിയ നിയമനം. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് എന്ന ഉത്തരവാദിത്വവും അദേഹം വഹിക്കും.

റോമുമായി പൂർണ കൂട്ടായ്മയിലുള്ള എത്യോപ്യൻ കത്തോലിക്കാ സഭയിൽ ഏകദേശം 80,000 വിശ്വാസികളാണുള്ളത്. എത്യോപ്യയിലുടനീളമുള്ള നാല് രൂപതകളിലായി 600-ഓളം വൈദികർ സഭയിൽ സേവനമനുഷ്ഠിക്കുന്നു. ഏറ്റവും പഴയ ആരാധനാക്രമ ഭാഷകളിലൊന്നായ 'ഗീസ്' ഭാഷയിലാണ് ഈ സഭ പ്രധാനമായും തിരുക്കർമ്മങ്ങൾ ആഘോഷിക്കുന്നത്.

1969 ൽ ഹരാറിൽ ജനിച്ച ഗെബ്രെസിലാസി 1986-ലാണ് കോമ്പോണി മിഷണറീസ് ഓഫ് ദി ഹാർട്ട് ഓഫ് ജീസസിൽ ചേരുന്നത്. 1995-ൽ പൗരോഹിത്യം സ്വീകരിച്ച അദേഹം പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അറബിക് ആൻഡ് ഇസ്ലാമിക് സ്റ്റഡീസിൽ നിന്ന് ലൈസൻഷ്യേറ്റ് ബിരുദവും നേടിയിട്ടുണ്ട്.

‌എത്യോപ്യയിലെ കോംബോണി മിഷണറിമാരുടെ പ്രവിശ്യാ സുപ്പീരിയർ, സന്യാസ സമൂഹത്തിന്റെ ജനറൽ കൗൺസിലർ, സുപ്പീരിയർ ജനറൽ തുടങ്ങിയ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. 2024 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ അഡിസ് അബാബ അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചിരുന്നു. സഭയുടെയും സന്യാസ സമൂഹത്തിന്റെയും വിവിധ തലങ്ങളിൽ അദേഹം കാഴ്ചവെച്ച പ്രവർത്തന മികവ് പരിഗണിച്ചാണ് ഈ പുതിയ പദവിയിലേക്ക് ഉയർത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.