ലണ്ടനിൽ കത്തിക്കുത്ത്; 26 കാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു; അന്വേഷണം ഊർജിതമാക്കി പൊലീസ്

ലണ്ടനിൽ കത്തിക്കുത്ത്; 26 കാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു; അന്വേഷണം ഊർജിതമാക്കി പൊലീസ്

ലണ്ടൻ: ലണ്ടനിലെ സൗത്താളിൽ നടന്ന കത്തിക്കുത്ത് ആക്രമണത്തിൽ 26 വയസുകാരനായ ഇന്ത്യൻ വംശജൻ ഗുർഭേജ് സിങ് കൊല്ലപ്പെട്ടു. ജൂൺ 10 ന് പുലർച്ചെ 12.40 ഓടെ നോർത്ത് റോഡിലും ഡോർമേഴ്‌സ് വെൽസ് ലെയിനും ചേരുന്ന ഭാഗത്തായിരുന്നു ദാരുണമായ സംഭവം. സംഭവത്തിൽ മെട്രോപൊളിറ്റൻ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആംബുലൻസ് സർവീസ് നൽകിയ വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസും ആരോഗ്യ പ്രവർത്തകരും ഗുരുതരമായി പരിക്കേറ്റ നിലയിൽ രണ്ട് പുരുഷന്മാരെ കണ്ടെത്തുകയായിരുന്നു. ഗുർഭേജ് സിങ്ങിന് ജീവൻ രക്ഷിക്കാനായി വൈദ്യ സഹായം നൽകിയെങ്കിലും സംഭവ സ്ഥലത്തുവെച്ചു തന്നെ അദ്ദേഹം മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റെങ്കിലും ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.

കേസുമായി ബന്ധപ്പെട്ട് 20-നും 30-നും ഇടയിൽ പ്രായമുള്ള ഏഴുപേരെ സംശയാടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ ആറു പേരെ വിട്ടയച്ചു. ഒരാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അർധരാത്രി ഒരു കടയ്ക്ക് മുൻപിൽ വെച്ചാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണെന്നും വിവരങ്ങൾ ഉള്ളവർ പൊലീസുമായി സഹകരിക്കണമെന്നും മെട്രോപൊളിറ്റൻ പൊലീസിന്റെ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ അലിസൺ ഫോക്‌സ്വെൽ അഭ്യർത്ഥിച്ചു.

ഗുർഭേജ് സിങ്ങിന്റെ വിയോഗം ഇന്ത്യൻ പ്രവാസി സമൂഹത്തെ പ്രത്യേകിച്ച് പഞ്ചാബി സമൂഹത്തെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും നിയമപരമായ നടപടികൾക്കും ആവശ്യമായ തുക കണ്ടെത്താൻ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഓൺലൈൻ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

ബ്രിട്ടനിൽ വർധിച്ചു വരുന്ന കത്തിക്കുത്ത് ആക്രമണങ്ങൾ സൗത്താൾ മേഖലയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.