'ഇപ്പോള്‍ ഈ ആക്രമണം നടക്കാന്‍ പാടില്ലായിരുന്നു': ഇസ്രയേലിന് ട്രംപിന്റെ താക്കീത്; സമാധാന ചര്‍ച്ചകളെ ബാധിച്ചെന്ന് യു.എസ്

'ഇപ്പോള്‍ ഈ ആക്രമണം നടക്കാന്‍ പാടില്ലായിരുന്നു': ഇസ്രയേലിന് ട്രംപിന്റെ താക്കീത്; സമാധാന ചര്‍ച്ചകളെ ബാധിച്ചെന്ന് യു.എസ്

വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ, ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി വിമര്‍ശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബെയ്റൂട്ടില്‍ നടന്ന ആക്രമണം തികച്ചും അനാവശ്യമായിരുന്നുവെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

'ഇന്ന് രാവിലെ ബെയ്റൂട്ടില്‍ ഈ ആക്രമണം നടക്കാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ച് ഇറാനുമായുള്ള സമാധാന കരാറിനോട് നമ്മള്‍ വളരെ അടുത്ത് നില്‍ക്കുന്ന ഈ സുപ്രധാന ദിവസത്തില്‍ ഇത് ഒഴിവാക്കേണ്ടതായിരുന്നു.' - ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

ഭീഷണികളില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ട്രംപ്, എന്നാല്‍ ഇസ്രയേല്‍ തിരിച്ചടിച്ച രീതി വളരെ ചെറുതും അര്‍ത്ഥശൂന്യവുമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരുന്ന കരാറിലേക്ക് കാര്യങ്ങള്‍ അടുക്കുകയാണെന്നും അതിനാല്‍ ലെബനനില്‍ ഇസ്രയേലോ, ഇസ്രയേലിനെതിരെ ഹിസ്ബുള്ളയോ ഇനി ആക്രമണം നടത്തരുതെന്നും അദേഹം ആവശ്യപ്പെട്ടു.

അതേസമയം ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 15 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ സിവില്‍ ഡിഫന്‍സ് ഏജന്‍സി സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ ആസ്ഥാനമാണ് തകര്‍ത്തതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.

ഈ ആക്രമണത്തോടെ മേഖലയില്‍ വീണ്ടും യുദ്ധഭീതി ഉയരുകയാണ്. ലെബനനിലെ ആക്രമണത്തിന് പ്രതികാരമായി ഇറാന്‍ ഏത് സമയത്തും മിസൈല്‍ ആക്രമണം നടത്തിയേക്കാമെന്ന വിലയിരുത്തലില്‍ ഇസ്രയേല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അമേരിക്കയുടെ സമാധാന ശ്രമങ്ങളെ ഇസ്രയേല്‍ ആക്രമണം ബാധിച്ചതോടെ യു.എസിനെതിരെ ഇറാനും രംഗത്തെത്തി. അമേരിക്കയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശേഷിയില്ലെന്നാണ് ഇസ്രയേല്‍ ആക്രമണം തെളിയിക്കുന്നതെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഘാലിബാഫ് എക്സില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.