ന്യൂയോര്‍ക്ക്: എഐ രംഗത്തെ പ്രമുഖ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക് തങ്ങളുടെ ഏറ്റവും അത്യാധുനിക മോഡലുകളായ ഫേബിള്‍ 5, മിത്തോസ് 5 എന്നിവ ആഗോളതലത്തില്‍ പിന്‍വലിച്ചു. യു.എസ് ഭരണകൂടത്തിന്റെ കര്‍ശനമായ കയറ്റുമതി നിയന്ത്രണ ഉത്തരവിനെ തുടര്‍ന്നാണ് കമ്പനിയുടെ നാടകീയ നീക്കം. എന്നാല്‍ ഈ നിരോധനത്തിലേക്ക് നയിച്ചത് പ്രമുഖ യു.എസ് കമ്പനിയായ ആമസോണിന്റെ ഗവേഷണ സംഘം കണ്ടെത്തിയ വിവരങ്ങളാണെന്ന സൂചനകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
വോള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ആമസോണ്‍ സിഇഒ ആന്‍ഡി ജാസിയും യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചകളാണ് ആന്ത്രോപിക്കിന് മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.
ആമസോണ്‍ കണ്ടെത്തിയ സൈബര്‍ സുരക്ഷാ ഭീഷണി
ആന്ത്രോപിക്കിന്റെ ഏറ്റവും പുതിയ മോഡലായ ഫേബിള്‍ 5 ന്റെ സുരക്ഷാ മുന്‍കരുതലുകള്‍ മറികടക്കാന്‍ തങ്ങളുടെ റിസര്‍ച്ച് ടീമിന് സാധിച്ചുവെന്ന് ആന്‍ഡി ജാസി യുഎസ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. തുടര്‍ച്ചയായ പ്രത്യേക പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലൂടെ, സൈബര്‍ ആക്രമണങ്ങള്‍ക്ക് വരെ സഹായകമായേക്കാവുന്ന സോഫ്റ്റ്‌വെയര്‍ സുരക്ഷാ പിഴവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫേബിള്‍ 5 ല്‍ നിന്ന് പുറത്തെടുക്കാന്‍ ആമസോണ്‍ ടീമിന് കഴിഞ്ഞു. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ ചോര്‍ന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് വിലയിരുത്തല്‍.
ആന്ത്രോപിക് വികസിപ്പിച്ചതില്‍വെച്ച് ഏറ്റവും അപകടകാരിയായ എഐ ക്ലാസ് എന്നാണ് മിത്തോസ് അറിയപ്പെടുന്നത്. സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പിഴവുകള്‍ സ്വയം കണ്ടെത്താനുള്ള ഇതിന്റെ അസാധാരണ കഴിവ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഈ ക്ലാസില്‍പ്പെട്ട ക്ലോഡ് മിത്തോസ് 5 എന്ന മോഡല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നില്ല. തിരഞ്ഞെടുത്ത ചില പങ്കാളികള്‍ക്ക് മാത്രമായിരുന്നു ഇതിന്റെ ഉപയോഗ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ മിത്തോസിന്റെ അത്രയും തന്നെ ശേഷിയുള്ളതും എന്നാല്‍ കൂടുതല്‍ സുരക്ഷാ ഫില്‍ട്ടറുകള്‍ ചേര്‍ത്തതുമായ ക്ലോഡ് ഫേബിള്‍ 5 എന്ന പുതിയ മോഡല്‍ കഴിഞ്ഞ ദിവസമാണ് ആന്ത്രോപിക് പൊതുവിപണിയില്‍ ഇറക്കിയത്.
സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഫേബിള്‍ 5 ന്റെ സുരക്ഷാ കോട്ടയും തകര്‍ക്കാനാകുമെന്ന് ആമസോണ്‍ റിസര്‍ച്ച് ടീം പരീക്ഷണങ്ങളിലൂടെ തെളിയിച്ചതോടെയാണ് യു.എസ് ഭരണകൂടം ഈ മോഡലുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ അടിയന്തരമായി ഇടപെട്ടത്. ഭരണ കൂടത്തിന്റെ ഉത്തരവ് വന്ന ഉടന്‍ തന്നെ വിദേശ രാജ്യങ്ങള്‍ക്കോ വിദേശ പൗരന്മാര്‍ക്കോ (കമ്പനിയിലെ വിദേശികളായ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ) ഈ മോഡലുകള്‍ ലഭ്യമാകുന്നത് തടയാന്‍ ആന്ത്രോപിക് ഇവ പൂര്‍ണമായും പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നം വളരെ ചെറുതാണെന്നും മറ്റ് എഐ മോഡലുകള്‍ക്കും ഇത്തരം വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നുമാണ് ആന്ത്രോപിക്കിന്റെ വാദം.
മൈക്രോസോഫ്റ്റും ഡേറ്റാ പ്രൈവസി തര്‍ക്കവും
ഭരണകൂട വിലക്കിന് തൊട്ടുമുമ്പ് തന്നെ ഫേബിള്‍ 5 മറ്റൊരു വിവാദത്തിലും പെട്ടിരുന്നു. ദുരുപയോഗം നിരീക്ഷിക്കുന്നതിനായി ഉപയോക്താക്കളുടെ എല്ലാ പ്രോംപ്റ്റുകളും ഔട്ട്പുട്ടുകളും 30 ദിവസത്തേക്ക് തങ്ങളുടെ സെര്‍വറുകളില്‍ സൂക്ഷിക്കുമെന്ന് ആന്ത്രോപിക് വ്യക്തമാക്കിയിരുന്നു. ഇതോടെ തങ്ങളുടെ ജീവനക്കാരുടെ ഡേറ്റാ പ്രൈവസി മുന്‍നിര്‍ത്തി മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാര്‍ക്ക് ഫേബിള്‍ 5 ഉപയോഗിക്കുന്നതിന് കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉപയോക്താക്കളുടെയും അഭിഭാഷക-ക്ലയന്റ് ബന്ധങ്ങളുടെയും രഹസ്യ സ്വഭാവം ഈ ഡേറ്റാ നയം മൂലം നഷ്ടപ്പെടുമെന്ന് പല പ്രമുഖ നിയമ സ്ഥാപനങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതോടെ ഏറ്റവും ശക്തമായ എഐ മോഡലുകള്‍ പുറത്തിറക്കാനുള്ള കമ്പനികളുടെ മത്സരവും അവ ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളികളും ആഗോള തലത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.