ലബനന്‍ തലസ്ഥാനത്ത് ഇസ്രയേലിന്റെ വന്‍ വ്യോമാക്രമണം; ഹിസ്ബുള്ള കേന്ദ്രം തകര്‍ത്തതായി വ്യോമസേന

ലബനന്‍ തലസ്ഥാനത്ത് ഇസ്രയേലിന്റെ വന്‍ വ്യോമാക്രമണം; ഹിസ്ബുള്ള കേന്ദ്രം തകര്‍ത്തതായി വ്യോമസേന

ബെയ്‌റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനം വ്യോമാക്രമണത്തില്‍ തകര്‍ത്തതായി ഇസ്രയേല്‍ വ്യോമസേന. ആക്രമണത്തിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈന്യം തങ്ങളുടെ ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെ പുറത്തുവിട്ടു.

ദാഹിയ മേഖലയിലെ ഒരു കെട്ടിടത്തിന് നേരെ ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ മിസൈല്‍ വര്‍ഷിക്കുന്നതും വലിയ സ്‌ഫോടനത്തോടെ കെട്ടിടം നിലംപൊത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഹിസ്ബുള്ളയ്ക്ക് ശക്തമായ സ്വാധീനമുള്ള ദാഹിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ലബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. കെട്ടിടത്തിന് സമീപത്തെ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന സമയത്തായിരുന്നു മിസൈലാക്രമണം. ഇതേത്തുടര്‍ന്ന് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തകര്‍ത്ത കെട്ടിടം ഹിസ്ബുള്ളയുടെ കമാന്‍ഡ് സെന്ററായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇസ്രയേല്‍ വ്യോമസേന അവകാശപ്പെട്ടു. ഇസ്രയേല്‍ പൗരന്മാര്‍ക്കും തെക്കന്‍ ലബനനില്‍ നിലയുറപ്പിച്ചിട്ടുള്ള ഇസ്രയേല്‍ പ്രതിരോധ സേനയ്ക്കുമെതിരെ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കേന്ദ്രമാണിതെന്ന് ഇസ്രയേല്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇതെന്നും വ്യോമസേന കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ ഇസ്രയേലില്‍ ഞായറാഴ്ച ഹിസ്ബുള്ളയുടേതെന്ന് സംശയിക്കുന്ന മൂന്ന് ഡ്രോണുകള്‍ വന്നിടിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. എന്നാല്‍ ഈ സംഭവങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ സൈന്യത്തിന് നേരെ പലയിടത്തും ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടെങ്കിലും വടക്കന്‍ ഇസ്രയേലില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം അവര്‍ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.

അതേസമയം മേഖലയില്‍ ഇരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അതിരൂക്ഷമായി തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.