വത്തിക്കാന്‍ സിറ്റി: യൂറോപ്പ്-യുകെ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുവാന്‍ റോമില്‍ എത്തിച്ചേര്‍ന്ന സീറോ മലങ്കര കത്തോലിക്ക സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയെയും മറ്റു സഭാധ്യക്ഷന്മാരെയും സ്വീകരിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.
യൂറോപ്പിലെയും അമേരിക്കയിലെയും പ്രവാസി സാഹചര്യങ്ങളില്‍ തങ്ങളുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും മാര്‍പാപ്പ അവരോട് ആഹ്വാനം ചെയ്തു.
സമ്മേളനത്തില്‍ പങ്കെടുത്ത മെത്രാന്മാരെ അഭിവാദ്യം ചെയ്ത മാര്‍പാപ്പ, സഭയുടെ പുനരൈക്യ ശതാബ്ദി ആഘോഷങ്ങള്‍ക്കായുള്ള ആത്മീയ ഒരുക്കങ്ങളെ എടുത്തു പറഞ്ഞു. സീറോ മലങ്കര സഭയെ 'സുവിശേഷ ചൈതന്യത്തിന്റെയും അപ്പസ്തോലിക കാരുണ്യത്തിന്റെയും വിളക്കുമാടം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് സാമൂഹിക നീതിയും വിദ്യാഭ്യാസവും സമഗ്ര മാനവിക വികസനവും എത്തിക്കാന്‍ സഭയ്ക്ക് സാധിച്ചുവെന്നും അനുസ്മരിച്ചു.
യൂറോപ്പിലെ സിറോ-മലങ്കര വിശ്വാസികള്‍ക്കായി അടുത്തിടെ താന്‍ അപ്പോസ്‌തോലിക് വിസിറ്റേറ്ററായി നിയമിച്ച കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയെ മാര്‍പാപ്പ പ്രത്യേകം അഭിസംബോധന ചെയ്തു.
ജൂണ്‍ 13ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചിരുന്നു. ഇന്നലെ ലിയോ പാപ്പയുമായി മലങ്കര കത്തോലിക്ക സഭാനേതൃത്വം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
67ാം പിറന്നാള്‍ ആഘോഷിക്കുന്ന കര്‍ദിനാള്‍ ക്ലീമിസ് ബാവയ്ക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച പാപ്പ, മെത്രാഭിഷേകത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആശംസകളും സ്‌നേഹപൂര്‍വ്വം നേര്‍ന്നു.
ഭാരതത്തില്‍ വിശുദ്ധ തോമാ ശ്ലീഹായുടെ പാരമ്പര്യം പേറുന്ന സഭയില്‍ ദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്ന കുടുംബങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ഭവനങ്ങളിലും ഹൃദയങ്ങളിലും പ്രത്യേകമായി യുവജനങ്ങളില്‍ ശക്തമായ വിശ്വാസം തഴച്ചു വളരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നുവെന്നതായും അദേഹം പറഞ്ഞു.
സീറോ മലങ്കര സഭ ഹയരാര്‍ക്കി സ്ഥാപിച്ചുകൊണ്ട് 1932 ജൂണ്‍ 11 ന് പയസ് പതിനൊന്നാമന്‍ പാപ്പ പ്രസിദ്ധീകരിച്ച 'ക്രിസ്‌തോ പാസ്തോറും' എന്ന അപ്പസ്‌തോലിക രേഖ ആരംഭിക്കുന്നത് - ക്രിസ്തുവിനോടുള്ള നന്ദി പ്രകാശനത്തോടെയാണെന്നത് പാപ്പ അനുസ്മരിച്ചു.
പത്രോസിന്റെ പിന്‍ഗാമിയുമായുള്ള സഭാ കൂട്ടായ്മയിലേക്ക് വീണ്ടും കടന്നുവരുവാന്‍ നിരവധി വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും, പ്രത്യേകമായി ബഥനി സന്യാസ സമൂഹത്തെ നയിച്ച ധന്യന്‍ മാര്‍ ഇവാനിയോസ്, മാര്‍ തെയോഫിലസ് എന്നിവരെയോര്‍ത്തു ദൈവത്തിനു നന്ദിയര്‍പ്പിക്കാമെന്നും മലങ്കര നേതൃത്വവുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെ പാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.