ന്യൂഡൽഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം സുപ്രിം കോടതി തള്ളി.
ശിവശങ്കറിനെ വീണ്ടും ജയിലിലേക്ക് അയക്കുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ഇ.ഡി നല്‍കിയ അപ്പീല്‍ ആറാഴ്ചക്ക് ശേഷം സുപ്രിം കോടതി പരിഗണിക്കും. അതുവരെ ശിവശങ്കര്‍ ജാമ്യത്തില്‍ തുടരും.
അതേസമയം ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹർജിയില്‍ ശിവശങ്കറിന് സുപ്രിം കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിലും അതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കുന്നതിലും എം. ശിവശങ്കര്‍ ഗൂഢാലോചന നടത്തിയെന്നും സ്വര്‍ണം വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായും ഇ.ഡി കോടതിയെ അറിയിച്ചു. ശിവശങ്കറിനെതിരെ തെളിവുണ്ടെന്നും ഇത് പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റർ ജനറല്‍ എസ്.വി രാജു വാദിച്ചു.
എന്നാല്‍ ശിവശങ്കറില്‍ നിന്ന് കണ്ടെടുത്ത പണം ഒരു കോടിയില്‍ താഴെയാണെന്നും അദ്ദേഹം അസുഖ ബാധിതനാണെന്നും ചൂണ്ടിക്കാട്ടി കോടതി ഈ വാദം തള്ളുകയായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചില്ലെന്നാണ് പറയുന്നതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത പറഞ്ഞു. ശിവശങ്കറിന് നോട്ടിസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചപ്പോള്‍ ജാമ്യം സ്റ്റേ ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പരിഗണിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ഒക്ടോബര്‍ 28നായിരുന്നു എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ജനുവരി 25ന് ആരോഗ്യ പ്രശ്‌നങ്ങളടക്കം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നല്‍കി. കസ്റ്റംസ് കേസില്‍ കൂടി ജാമ്യം കിട്ടി ശിവശങ്കര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇ.ഡി സുപ്രിം കോടതിയെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.