'വിട്ടുവീഴ്ച ചെയ്‌തേ പറ്റൂ': ജോസഫ് ഗ്രൂപ്പിന് കോണ്‍ഗ്രസിന്റെ അന്ത്യശാസനം; പ്രാഥമിക പട്ടികയായെന്ന് ഉമ്മന്‍ ചാണ്ടി

'വിട്ടുവീഴ്ച ചെയ്‌തേ പറ്റൂ': ജോസഫ് ഗ്രൂപ്പിന് കോണ്‍ഗ്രസിന്റെ  അന്ത്യശാസനം; പ്രാഥമിക പട്ടികയായെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചര്‍ച്ച അനന്തമായി നീളുന്ന സാഹചര്യത്തില്‍ വിട്ടുവീഴ്ച ചെയ്‌തേ പറ്റൂവെന്ന് ജോസഫ് വിഭാഗത്തോട് കോണ്‍ഗ്രസിന്റെ അന്ത്യശാസനം. ഇനി ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തും. കോവിഡ് ബാധിതനായ ജോസഫ് ഇപ്പോള്‍ വിശ്രമത്തിലാണ്.

അതിനിടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. നാളെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗവും ചേരും. യുഡിഎഫിന്റെ പ്രാഥമിക സ്ഥാനാര്‍ത്ഥിപ്പട്ടികയായെന്ന് യോഗ ശേഷം ഉമ്മന്‍ചാണ്ടി അറിയിച്ചു. യുവാക്കള്‍ക്കും, പുതുമുഖങ്ങള്‍ക്കും, വനിതകള്‍ക്കും 50 ശതമാനത്തിലധികം സീറ്റുകള്‍ നല്‍കുമെന്നും ഈ മാനദണ്ഡമനുസരിച്ചാണ് സ്ഥാനാര്‍ത്ഥിനിര്‍ണയം മുന്നോട്ട് പോകുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

രണ്ട് പ്രാവശ്യത്തിലധികം മത്സരിച്ച് തോറ്റവര്‍ക്ക് സീറ്റ് നല്‍കില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവരെയും പരിഗണിക്കില്ല. നാളത്തെ യോഗത്തില്‍ പ്രകടനപത്രിക അന്തിമമായി തീരുമാനിക്കും. ഇക്കാര്യത്തില്‍ യുഡിഎഫ് ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കും. നാളെ തിരുവനന്തപുരത്ത് സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്ന ശേഷമാകും പ്രാഥമിക പട്ടിക ഹൈക്കമാന്‍ഡിന് നല്‍കുക. ഹൈക്കമാന്‍ഡിന്റെ സ്‌ക്രൂട്ടിനി കമ്മിറ്റി ഈ പട്ടിക പരിശോധിച്ച ശേഷമാകും അന്തിമപട്ടിക തയ്യാറാക്കും.

പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കുമൊക്കെ അവസരം ഉണ്ടാകുമെന്നൊക്കെ പറഞ്ഞെങ്കിലും ജില്ലകളില്‍ തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ഇപ്പോഴും നിരവധി തവണ മത്സരിച്ച നേതാക്കളുടെ പേര് തന്നെയാണ് മുന്‍ പന്തിയിലുള്ളത്. യുഡിഎഫില്‍ ഇപ്പോഴും പ്രശ്‌നം ജോസഫ് പക്ഷവുമായുള്ള തര്‍ക്കമാണ്. കോട്ടയത്ത് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റില്ലാതെ പറ്റില്ലെന്നും വിട്ടുവീഴ്ച ചെയ്യണമെന്നും കോണ്‍ഗ്രസ് ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ തീര്‍ത്തുപറഞ്ഞു.

ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളിലാണ് തര്‍ക്കം. കോട്ടയത്ത് ജോസഫിനെ മൂന്ന് സീറ്റിലൊതുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് പ്രശ്‌നമെന്ന നിലയിലെ പ്രചാരണം ദോഷമുണ്ടാക്കുന്നുണ്ടെന്നും നേരിട്ട് ജോസഫുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തട്ടെയെന്നും മോന്‍സ് ജോസഫ് അടക്കമുള്ള നേതാക്കള്‍ നിര്‍ദ്ദേശിച്ചു.

വയനാട്ടിലെയും പാലക്കാട്ടെയും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും ഘടകകക്ഷികളുമായി വഴിമുട്ടിയ സീറ്റ് ചര്‍ച്ചകളും വിലങ്ങ് തടിയാകുന്നതിനിടെ മുതിര്‍ന്ന നേതാവ് വയലാര്‍ രവി കെപിസിസി പ്രസിഡണ്ടിനെതിരെ രംഗത്തെത്തി.  മുല്ലപ്പള്ളിയുടെ സംസ്ഥാന രാഷ്ട്രീയത്തിലെ പരിചയക്കുറവ് ദോഷം ചെയ്യുന്നുണ്ടെന്ന് വയലാര്‍ രവി തുറന്നടിച്ചു. ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്താതെ രക്ഷയില്ലെന്ന വയലാര്‍ രവിയുടെ പ്രസ്താവന രമേശിനെതിരെയുള്ള ഒളിയമ്പാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.