കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്നര പതിറ്റാണ്ട് കാലത്തെ ഇടതു ഭരണം അവസാനിപ്പിച്ച് തൃണമൂലിനെ അധികാരത്തില്‍ എത്തിച്ച പ്രക്ഷോഭത്തിന് സുവേന്ദു അധികാരിക്കൊപ്പം തിരി കൊളുത്തിയ നന്ദിഗ്രാമില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി ഇറങ്ങുന്ന പൂര്‍വ്വ സുഹൃത്ത് സുവേന്ദു അധികാരയെ മമത നേരിടും. ബംഗാളിലെ ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പു പോരാട്ടം ആയിരിക്കും ഇത്.
തൃണമൂല്‍ രൂപീകരണ കാലത്ത് മമതയുടെ വലംകൈയായിരുന്ന സുവേന്ദുവിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് നന്ദിഗ്രാം. തൃണമൂല്‍ വിട്ട് ബി.ജെ.പി പാളയത്തില്‍ എത്തിയതിന് പിന്നാലെ നന്ദിഗ്രാമില്‍ മത്സരിക്കാന്‍ മമതയെ സുവേന്ദു വെല്ലുവിളിച്ചിരുന്നു. അത് സ്വീകരിച്ചാണ് മമത കൊല്‍ക്കത്തയിലെ സ്വന്തം മണ്ഡലമായ ഭവാനിപൂര്‍ വിട്ട് നന്ദിഗ്രാമില്‍ മത്സരിക്കുന്നത്. തന്നെ ചതിച്ച് ബി.ജെ.പിയിലേക്ക് പോയവര്‍ക്കെല്ലാമുള്ള മമതയുടെ ശക്തമായ സന്ദേശമാണിത്.
മമതയെ നന്ദിഗ്രാമില്‍ 50,000 വോട്ടുകള്‍ക്ക് തോല്‍പ്പിക്കുമെന്ന് സുവേന്ദു അധികാരി കഴിഞ്ഞ ദിവസം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സുവേന്ദു ബി.ജെ.പിയിലേക്ക് കാലുമാറിയതിന് പിന്നാലെ താന്‍ നന്ദിഗ്രാമില്‍ മത്സരിക്കുമെന്നും അത് തന്റെ ഭാഗ്യ മണ്ഡലമാണെന്നും മമതയും പ്രഖ്യാപിച്ചിരുന്നു.
ബംഗാളിലെ 291 മണ്ഡലങ്ങളിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പട്ടികയും മമത പുറത്തിറക്കി. മൂന്നു സീറ്റ് സഖ്യകക്ഷികള്‍ക്ക് നല്‍കി. 80 വയസ് പിന്നിട്ടവരെ ഒഴിവാക്കി. 24 എം.എല്‍.എമാര്‍ക്ക് സീറ്റില്ല. മമതയുടെ സീറ്റായ ഭവാനിപൂരില്‍ തൃണമൂല്‍ നേതാവും മന്ത്രിയുമായ ശോഭന്‍ദേബ് ചതോപാദ്ധ്യായ മത്സരിക്കും. ലിസ്റ്റില്‍ 50 സ്ത്രീകളും 45 മുസ്ലിം സ്ഥാനാര്‍ത്ഥികളും 79 പട്ടികജാതിക്കാരും 17 പട്ടികവര്‍ഗക്കാരും ഉണ്ട്.
നടിമാരായ സായന്തിക ബാനര്‍ജി, കൗശാനി മുഖര്‍ജി, ലവ്ലി മെയ്ത്ര, സായോനി ഘോഷ്, നടന്‍ ചിരന്‍ജിത്ത് ചക്രവര്‍ത്തി, സംവിധായകന്‍ രാജ് ചക്രവര്‍ത്തി, പ്രൊഫ. ഓംപ്രകാശ് മിശ്ര, ക്രിക്കറ്റ് താരം മനോജ് തിവാരി തുടങ്ങിയവരും മത്സരിക്കും. 294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടമായാണ് വോട്ടെടുപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.