കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള കോണ്‍ഗ്രസിന്റെ സീറ്റ് തര്‍ക്കം ധാരണയിലേക്ക്. തര്‍ക്കം നിലനിന്ന കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, ചങ്ങനാശേരി, കടുത്തുരുത്തി മണ്ഡലങ്ങള്‍ ജോസഫ് ഗ്രൂപ്പിന് നല്‍കും. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, വൈക്കം, പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കും. പാലാ സീറ്റില്‍ മാണി സി കാപ്പന്‍ സ്ഥാനാര്‍ത്ഥിയാകും.
കോട്ടയത്ത് ആകെയുള്ള ഒമ്പത് സീറ്റുകളില്‍ കഴിഞ്ഞ തവണ സംയുക്ത കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന് സീറ്റുകളും വേണമെന്ന നിലപാടായിരുന്നു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. എന്നാല്‍ ജോസ് വിഭാഗം പോയതോടെ ശക്തിക്ഷയിച്ച ജോസഫ് പക്ഷത്തിന് മുഴുവന്‍ സീറ്റുകളിലും നല്‍കാനികില്ലെന്ന് കോണ്‍ഗ്രസ് തീര്‍ത്തു പറഞ്ഞു. മാത്രമല്ല, കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെ ജോസ് വിഭാഗം മത്സരിച്ചിരുന്ന ചില സീറ്റുകള്‍ ലക്ഷ്യം വെച്ച് ഇത്തവണ ചില കോണ്‍ഗ്രസ് നേതാക്കള്‍ ചരടുവലികള്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനമുളള കോട്ടയം ജില്ലയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ജോസഫ് ഗ്രൂപ്പ്. അതാണ് ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ നീണ്ടത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ജില്ലയാണ് കോട്ടയം.
ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. എന്നാല്‍ ഇത്തവണ എന്തുവിലകൊടുത്തും വിജയം നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ ജോസഫ് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടം നടത്തേണ്ട മണ്ഡലമാണ്.
രണ്ട് മണ്ഡലങ്ങളിലും കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഏറ്റുമാനൂരില്‍ പ്രാദേശിക നേതാക്കളെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തിരുമാനം. കേരള കോണ്‍ഗ്രസ് നേതാവയിരുന്ന സി.എഫ് തോമസ് മത്സരിച്ചിരുന്ന ചങ്ങനാശേരിയില്‍ ഇത്തവണ പുതുമുഖത്തെ മത്സരിപ്പിക്കാനാണ് ജോസഫ് പക്ഷം ഒരുങ്ങുന്നത്. വി.ജെ ലാലിയെ ആണ് ഇവിടെ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ഇക്കുറി പൊടിപാറുന്ന മത്സരം നടക്കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ കുത്തക മണ്ഡലമായിരുന്ന വാഴൂരാണ് മണ്ഡല പുനര്‍നിര്‍ണയത്തിലൂടെയാണ് കാഞ്ഞിരപ്പള്ളിയായത്. 1980 ലാണ് ഇവിടെ കോണ്‍ഗ്രസ് അവസാനമായി മത്സരിച്ചത്. ഇത്തവണ മുതിര്‍ന്ന നേതാവ് കെ.സി ജോസഫിനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, പി.സി വിഷ്ണുനാഥ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.
എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലം ഇക്കുറി കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കാനുള്ള തിരുമാനം ഇവിടെ വോട്ട് വിഘടിക്കാന്‍ കാരണമാകുമെന്നും അതുകൊണ്ട് തന്നെ അത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നുമാണ് നേതാക്കളുടെ വിലയിരുത്തല്‍.
പൂഞ്ഞാറില്‍ പഴയതുപോലെ കാര്യങ്ങള്‍ പി.സി ജോര്‍ജിന് അനുകൂലമല്ലെങ്കിലും സാഹചര്യം പ്രവചനാതീതമാണ്. യുഡിഎഫ് പ്രവേശനം നടക്കാതെ പോയതിനാല്‍ ജനപക്ഷത്തിന്റെ ബാനറില്‍ ഇത്തവണ പി.സി തനിച്ചാണ് മത്സരിക്കുന്നത്. ബിജെപി ജോര്‍ജിനെ പിന്തുണയ്ക്കുകയും എല്‍ഡിഎഫ് കൂടുതല്‍ വോട്ട് നേടുകയും ചെയ്താല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും.
അതിനിടെ ഏറ്റുമാനൂര്‍ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. സീറ്റ് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയ യൂത്ത് കോണ്‍ഗ്രസ് ഇന്ന് ഡിസിസി ഓഫീസിനു മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. മണ്ഡലത്തില്‍ ജോസഫ് വിഭാഗത്തിന് സ്വാധീനമില്ലെന്നും അതിനാല്‍ സീറ്റ് നല്‍കരുതെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.