ബംബര്‍ തിളക്കത്തില്‍ ജോസ് കെ മാണി; 15 ചോദിച്ചു, 12 ലഭിച്ചു: നഷ്ടം ചെറു പാര്‍ട്ടികള്‍ക്ക്

 ബംബര്‍ തിളക്കത്തില്‍ ജോസ് കെ മാണി;  15 ചോദിച്ചു, 12 ലഭിച്ചു: നഷ്ടം ചെറു പാര്‍ട്ടികള്‍ക്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ ഇടത് മുന്നണിക്കുണ്ടായ നേട്ടം സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഗുണം ചെയ്തു. 15 സീറ്റുകള്‍ ചോദിച്ചതില്‍ 12 ഉം ഉറപ്പായി. ചങ്ങനാശേരിക്കായി സമ്മര്‍ദം തുടരുന്നു. അതുകൂടി കിട്ടുമോ എന്ന് ഇന്ന് വൈകുന്നേരത്തോടെ അറിയാം. സിപിഐയുടെ എതിര്‍പ്പാണ് ചങ്ങനാശേരിയില്‍ ജോസിനുള്ള പ്രതിസന്ധി.

ഇടത് മുന്നണിയില്‍ ഒരു കക്ഷിയോടും കാണിക്കാത്ത ഉദാരതയാണ് ജോസ് വിഭാഗത്തോട് സിപിഎം ഇത്തവണ കാട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ എല്‍ഡിഎഫിനുണ്ടായ മുന്നേറ്റമാണ് ജോസിന് വിലപേശല്‍ ശേഷി കൂട്ടിയത്. ഉറച്ച വിജയപ്രതീക്ഷയുള്ള കുറ്റ്യാടിയും റാന്നിയും ചാലക്കുടിയും പ്രാദേശിക എതിര്‍പ്പ് തള്ളി സിപിഎം വച്ചുനീട്ടി. സിപിഎം മുമ്പ് ജയിച്ചിട്ടുള്ള പെരുമ്പാവൂരും പിറവവും കൂടി കിട്ടിയതോടെ പരിഗണന ബംബര്‍ ലോട്ടറിയായി മാറി.

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, തൊടുപുഴ, ഇടുക്കി, കുറ്റ്യാടി, ഇരിക്കൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, പിറവം എന്നീ മണ്ഡലങ്ങളാണ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയിരിക്കുന്നത്. ചങ്ങനാശേരി കൂടി വേണമെന്നാണ് ജോസ് കെ.മാണിയുടെ ആവശ്യം. എല്‍ഡിഎഫിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ഉദാരമായ സമീപനം മറ്റൊരു പാര്‍ട്ടിയോടും മുന്നണി കാണിച്ചിട്ടില്ല. സിപിഐക്ക് മൂന്നു സീറ്റ് കുറഞ്ഞപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ നാലില്‍ നിന്ന് ഒരു സീറ്റിലേക്ക് ഒതുക്കി. എന്‍സിപിക്കും ഐഎന്‍എലിനും ഓരോ സീറ്റ് കുറഞ്ഞു. സ്‌കറിയ തോമസ് വിഭാഗത്തിന് മത്സരിച്ച ഏക സീറ്റായ കടുത്തുരുത്തിയും നഷ്ടമായി.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളടക്കമാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കിയിരിക്കുന്നത്. ഇതിനെതിരേ സിപിഎമ്മിനുളളില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. കുറ്റ്യാടി ഉള്‍പ്പടെയുളള മണ്ഡലങ്ങളില്‍ പ്രതിഷേധം പോസ്റ്ററിന്റെ രൂപത്തില്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. ഇതിനിടയിലും ചങ്ങനാശേരി സീറ്റുകൂടി വേണമെന്നാണ് ജോസ് കെ.മാണി ആവശ്യപ്പെടുന്നത്. സി.എഫ് തോമസിന്റെ മണ്ഡലം ജോബ് മൈക്കിളിനായാണ് ജോസ് ചോദിക്കുന്നത്.   

വര്‍ഷങ്ങളായി മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസിന് വേണ്ടി സി.പി.ഐ വിട്ടുകൊടുത്തപ്പോള്‍ പകരം കോട്ടയം ജില്ലയില്‍ തന്നെ മറ്റൊരു സീറ്റ് എന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ വ്യക്തമാക്കി കഴിഞ്ഞു. അതിനാല്‍ ചങ്ങനാശേരിക്കായി അവര്‍ ഉറച്ചുനില്‍ക്കുന്നു നിലവില്‍ 12 സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് അനുവദിച്ചതിനാല്‍ സ്വാഭാവികമായും ചങ്ങനാശേരി സിപിഐക്ക് തന്നെ വിട്ടുകൊടുക്കാനുളള സാധ്യതയാണ് കാണുന്നത്.

സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി ജോസ് കെ.മാണി ചങ്ങനാശേരി സീറ്റില്‍ കടുപിടിത്തത്തിന് മുതിരാനും ഇനി സാധ്യതയില്ല. അല്ലെങ്കില്‍ സിപിഐക്ക് പകരം പേരാവൂര്‍ നല്‍കേണ്ടി വരും. ചങ്ങനാശേരി സീറ്റിനെ ചൊല്ലി ഇടതുമുന്നണി ചര്‍ച്ചകള്‍ ഒരു ഘട്ടത്തില്‍ വഴിമുട്ടിയിരുന്നു. ചങ്ങനാശേരി സിപിഐക്ക് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തപ്പോള്‍ ചങ്ങനാശേരി നല്‍കാനാവില്ലെങ്കില്‍ കാഞ്ഞിരപ്പിളളി വിട്ടുനല്‍കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനവും ഉറപ്പിച്ചു പറഞ്ഞു.

ഇന്ന് വൈകുന്നേരം നാലിന് എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ സീറ്റുവിഭജനം സംബന്ധിച്ച് അന്തിമ ധാരണയാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.