ബിജെപിയില്‍ പ്രമുഖരുടെ മണ്ഡലങ്ങളില്‍ ഏകദേശ ധാരണ; അന്തിമ തീരുമാനം ഉടന്‍

ബിജെപിയില്‍ പ്രമുഖരുടെ മണ്ഡലങ്ങളില്‍  ഏകദേശ ധാരണ; അന്തിമ തീരുമാനം ഉടന്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ മത്സരിക്കുന്നതു സംബന്ധിച്ച് ഏകദേശ ധാരണയായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

കോന്നി, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ഏതിലെങ്കിലും സുരേന്ദ്രന്‍ ജനവിധി തേടും. ദേശീയ നേതൃത്വം അംഗീകരിച്ചാല്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കും. നേമത്ത് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന്റെ പേരിനാണ് മുന്‍തൂക്കം. സാധ്യത പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കുമ്മനമാണ്.

വട്ടിയൂര്‍ക്കാവില്‍ ജില്ലാ പ്രസിഡന്റായ വി വി രാജേഷിനെയാണ് മുഖ്യമായി പരിഗണിക്കുന്നത്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരനെ പാലക്കാടാണ് പരിഗണിക്കുന്നത്. ഈ മണ്ഡലത്തില്‍ സാധ്യത പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ശ്രീധരന്‍. തൃപ്പൂണിത്തുറയിലും ശ്രീധരനെ പരിഗണിക്കുന്നുണ്ട്.

നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ തൃശൂരും തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും പരിഗണിക്കുന്നുണ്ട്. മുന്‍ സംസ്ഥാന അധ്യക്ഷനായ പി കെ കൃഷ്ണദാസിനെ കാട്ടാക്കടയില്‍ നിന്ന് മത്സരിപ്പിക്കാനാണ് ആലോചന. മുന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ എസ്.സുരേഷിന് കോവളത്താണ് പ്രഥമ പരിഗണന. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റ് സംബന്ധിച്ച് ധാരണയായിട്ടില്ല.

ഇതിനിടെ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ചേരുന്ന ബിജെപി നേതൃയോഗത്തില്‍ സീറ്റുകള്‍ സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകുമെന്നാണ് അറിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.