'ഉറപ്പാണ് എല്‍ഡിഎഫ്, അറപ്പാണ് കുടുംബ വാഴ്ച'; മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് പോസ്റ്ററുകള്‍

'ഉറപ്പാണ് എല്‍ഡിഎഫ്, അറപ്പാണ് കുടുംബ വാഴ്ച'; മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് പോസ്റ്ററുകള്‍

പാലക്കാട്: തരൂര്‍ മണ്ഡലത്തില്‍ മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ. പി.കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍. സേവ് കമ്മ്യൂണിസത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍. ഉറപ്പാണ് എല്‍ഡിഎഫ്, അറപ്പാണ് കുടുംബ വാഴ്ച എന്നും മണ്ഡലം കുടുംബ സ്വത്ത് ആക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്നും പോസ്റ്ററില്‍ പറയുന്നു. അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ ഭരണം ഇല്ലാതാക്കുമെന്നും മുന്നറിയിപ്പുണ്ട്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ്, പ്രസ് ക്ലബ്, ബാലന്റെ വീട് എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 2001 മുതല്‍ എ.കെ.ബാലന്‍ മത്സരിച്ചു ജയിച്ചുവന്ന തരൂര്‍ മണ്ഡലത്തില്‍ കുടുംബ പാരമ്പര്യത്തിന്റെ പേരില്‍ മാത്രമാണ് ജമീലയ്ക്ക് സീറ്റ് നല്‍കുന്നത്. പട്ടികജാതി ക്ഷേമ സമിതിയുടെ ജില്ലാ ഭാരവാഹിയായ പൊന്നുകുട്ടനെയോ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ കെ.ശാന്തകുമാരിയെയോ പരിഗണിക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.

മറ്റ് ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയെചൊല്ലിയും പാലക്കാട് സിപിഎമ്മില്‍ കടുത്ത അതൃപ്തിയുണ്ട്. ഷൊര്‍ണൂരില്‍ പി.കെ.ശശിക്ക് പകരം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനെ പരിഗണിച്ചെങ്കിലും മാറ്റി. പി. മമ്മിക്കുട്ടിയുടെ പേരാണ് ഇപ്പോഴുള്ളത്. ഒറ്റപ്പാലത്ത് പി.ഉണ്ണിയുടെ രണ്ടാമത്തെ മത്സരം തടഞ്ഞ് ഡിവൈഎഫ്‌ഐ നേതാവ് പ്രേംകുമാറിനെ പരിഗണിക്കുന്നതാണ് മറ്റൊരു വിയോജിപ്പ്.

കോങ്ങാട് ഡിവൈഎഫ്‌ഐ നേതാവ് പി.പി.സുമോദിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയും വിമര്‍ശനമുണ്ട്. സംസ്ഥാന കമ്മിറ്റി തയാറാക്കിയ സ്ഥാനാര്‍ഥി പട്ടിക റിപ്പോര്‍ട്ട് ചെയ്യാന്‍ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ അംഗങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.