'അവര്‍ ഇരുട്ടിന്റെ സന്തതികള്‍': തനിക്കെതിരായ പോസ്റ്ററുകള്‍ക്കെതിരെ ബാലന്റെ പ്രതികരണം

 'അവര്‍ ഇരുട്ടിന്റെ സന്തതികള്‍': തനിക്കെതിരായ  പോസ്റ്ററുകള്‍ക്കെതിരെ ബാലന്റെ പ്രതികരണം

പാലക്കാട്: തനിക്കെതിരെ പാലക്കാട് ജില്ലയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എ.കെ.ബാലന്‍. സേവ് സിപിഎം ഫോറം ഇന്നും ഇന്നലെയുമായി ഉണ്ടായതല്ല. കേരളത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്‍ഗ ശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അത്. തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ രംഗത്ത് വരുന്നതിന്റെ ഉദ്ദേശ്യം തങ്ങള്‍ക്കറിയാമെന്നും ബാലന്‍ പറഞ്ഞു.

'ഞങ്ങളുടെ ജീവിതമൊക്കെ തുറന്ന പുസ്തകമാണ്. എന്റെയും കുടുംബത്തിന്റേയും ചരിത്രം എല്ലാവര്‍ക്കും അറിയാം. മണ്ഡലത്തില്‍ ഓരോ തവണയും എന്റെ ഭൂരിപക്ഷം വര്‍ധിച്ചിട്ടുണ്ട്. ഇത് സിപിഎം വോട്ടുകള്‍ മാത്രമായിരുന്നില്ല. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ഥി ഒരു ചരിത്ര വിജയം നേടുമെന്ന് മാത്രമല്ല. എനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷവും കിട്ടുകയും ചെയ്യും.'- ബാലന്‍ അവകാശപ്പെട്ടു.

സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ജനാധിപത്യ പ്രക്രിയയാണ് നടക്കുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. പത്താംതിയതി പിബിയുടെ അംഗീകാരത്തോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാലന്റെ ഭാര്യ ഡോ.പി.കെ ജമീലയെ തരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.