കുവൈറ്റില്‍ ക‍ർഫ്യൂ; ചില വിഭാഗങ്ങള്‍ക്ക് ഇളവ്

കുവൈറ്റില്‍ ക‍ർഫ്യൂ; ചില വിഭാഗങ്ങള്‍ക്ക് ഇളവ്

കുവൈറ്റ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കുവൈറ്റില്‍ രാത്രി കാല കർഫ്യൂ ഇന്ന് മുതല്‍ നിലവില്‍ വരും. വൈകീട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് കർഫ്യൂ. കാല്‍നടയാത്രകളും സൈക്കിള്‍ യാത്രകളും പാടില്ല. ക‍ർഫ്യൂ ലംഘനം നടത്തിയാല്‍ പിഴയും ശിക്ഷയുമുണ്ടാകുമെന്നും മന്ത്രാലായം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പ്രാഥമിക ചികിത്സയ്ക്ക് പോകുന്നവ‍ർക്കും, മെഡിക്കല്‍ അവലോകനം, കോവിഡ് പരിശോധനയ്ക്ക് സ്രവം നല്‍കല്‍, കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കായി പോകുന്നവർക്കും ഇളവുണ്ട്. ഇതിനായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി പ്രത്യേക കാര്‍ഡ് നല്‍കും. 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂർ വരെ ആയിരിക്കും പുറത്തിറങ്ങാനുളള അനുമതി. http://curfew.paci.gov.kw/request/create എന്ന വെബ്‌സൈറ്റിലാണ് അനുവാദത്തിനായി അപേക്ഷിക്കേണ്ടത്.

അതേസമയം, അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കണ്ടാല്‍ നിയമനടപടിയുണ്ടാകും. ആറ് മാസം വരെ തടവും 5,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ. എന്നാല്‍, ജഡ്ജിമാര്‍, അറ്റോര്‍ണി ജനറല്‍, അറ്റോര്‍ണി ജനറലിന്റെ സഹായികള്‍, പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍മാര്‍, തുടങ്ങി 26 വിഭാഗങ്ങളെ ഭാഗിക കർഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


കര്‍ഫ്യൂ വേളയില്‍ ആളുകള്‍ക്ക് പള്ളിയിലേക്ക് നടന്നുപോവാം. ഫാര്‍മസികളിലേക്കും മെഡിക്കല്‍ ഷോപ്പുകളിലേക്കും പോകുന്നതിനും വിലക്കില്ല. കോ-ഓപ്പറേറ്റീവ് സ്റ്റോറുകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും സാധനങ്ങള്‍ ഹോം ഡെലിവറി ചെയ്യാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഇന്നലെ 1318 പേരിലാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.