ടെലിവിഷൻ റേറ്റിങ് പോയിന്റിൽ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടി.വി. ഉൾപ്പെടെ മൂന്നു ചാനലുകൾക്കെതിരെ അന്വേഷണം

ടെലിവിഷൻ റേറ്റിങ് പോയിന്റിൽ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടി.വി. ഉൾപ്പെടെ മൂന്നു ചാനലുകൾക്കെതിരെ അന്വേഷണം

മുംബൈ: ടെലിവിഷൻ റേറ്റിങ് പോയന്റ് അഥവാ ടി.ആർ.പിയിൽ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടി.വി. ഉൾപ്പെടെ മൂന്നു ചാനലുകൾക്കെതിരെ അന്വേഷണം നടത്തുമെന്ന് മുംബൈ പോലീസ്. മറ്റ് രണ്ട് ചാനലുകൾ ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ മറാത്തി ചാനലുകളാണ്. ഈ ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ടി.വി. ജീവനക്കാരെ ഇന്നോ നാളെയോ വിളിച്ചുവരുത്തും.

ഈ ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുമെന്ന് മുംബൈ പോലീസ് മേധാവി പരംബീർ സിങ് പറഞ്ഞു. പരസ്യത്തിൽനിന്നല്ലാതെ, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് പണം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തെങ്കിലും കുറ്റകൃത്യം നടന്നതായി കണ്ടെത്തിയാൽ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീടുകളിൽനിന്ന് ലഭിച്ച ഡാറ്റ ഉപയോഗിച്ചാണ് ചാനലുകർ ടി.ആർ.പിയിൽ കൃത്രിമം നടത്തിയതെന്നും ഇവയ്ക്ക് അനധികൃത പരസ്യഫണ്ട് ലഭിച്ചതായും പരംബീർ സിങ് വ്യക്തമാക്കി. ഇത് വഞ്ചനാക്കുറ്റമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പ്രത്യേക ചാനൽ എത്രയാളുകൾ കാണുന്നു എന്ന് കണക്കാക്കുകയാണ് ടി.ആർ.പിയിലൂടെ ചെയ്യുന്നത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ അഥവ BARC ആണ് ഇന്ത്യയിൽ ചാനലുകളുടെ ടി.ആർ.പി. കണക്കാക്കുന്നത്. ഇതിനായി ബാരോമീറ്റർ എന്ന ഉപകരണമാണ് ഉപയോഗിക്കാറ്.

ടി.ആർ.പി. കണക്കാക്കാൻ മുപ്പതിനായിരത്തിൽ അധികം ബാരോമീറ്ററുകൾ ആണ് രാജ്യത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രണ്ടായിരത്തോളം ബാരോമീറ്ററുകള് മുംബൈയിലാണ് സ്ഥാപിച്ചിരിക്കുന്നത്. സാധാരണയായി ബാരോമീറ്ററുകൾ സ്ഥാപിക്കുന്ന പ്രദേശം രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്.

ബാരോമീറ്ററുകൾ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികൾ ചെയ്യുന്നതും ഹൻസ എന്ന ഏജൻസിയാണ്. എവിടെയൊക്കെയാണ് ബാരോമീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ഹൻസയുടെ ചില മുൻജീവനക്കാർ ചാനലുകളോട് വെളിപ്പെടുത്തിയതായി അന്വേഷണത്തിൽ വ്യക്തമായതും പരംബീർ സിങ് പറഞ്ഞു. ബാരോമീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നിടത്തെ വീട്ടുകാർക്ക് തങ്ങളുടെ ചാനലുകൾ കാണാൻ ആരോപണ വിധേയരായ സ്ഥാപനങ്ങൾ പണം നൽകിയിരുന്നതെന്നും പരംബീർ സിങ് സിങ് കൂട്ടിച്ചേർത്തു.

അതേസമയം റിപ്പബ്ലിക് ടി.വി. പരംവീർ സിങ്ങിന്റെ ആരോപണങ്ങൾ നിഷേധിച്ചു. മുംബൈ പോലീസ് കമ്മീഷണർ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. റിപ്പബ്ലിക് ടിവിയ്ക്കെതിരെ പരംബീർ സിങ് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണെന്ന് അർണാബ് ഗോസ്വാമി പറഞ്ഞു. സുശാന്ത് സിങ് രാജ്പുത്ത് കേസിൽ റിപ്പബ്ലിക് ടി.വി. പരംബീർ സിങ്ങിനു നേരെ ചോദ്യങ്ങൾ ചോദിച്ചതാണ് ഇതിനു കാരണമെന്നും അർണാബ് പറഞ്ഞു. പരംബീർ സിങ്ങിനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും അർണാബ് കൂട്ടിച്ചേർത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.