സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ സ്ഥാനത്ത് നിന്ന് മെട്രോമാൻ ഇ. ശ്രീധരനെ ഒഴിവാക്കി

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ സ്ഥാനത്ത് നിന്ന് മെട്രോമാൻ  ഇ. ശ്രീധരനെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ സ്ഥാനത്ത് നിന്ന് മെട്രോമാൻ ഇ.ശ്രീധരനെ നീക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് പോസ്റ്ററുകളില്‍ നിന്ന് അദ്ദേഹത്തിന്റെ ചിത്രം നീക്കം ചെയ്തത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ ഇ.ശ്രീധരന്‍ ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹത്തെ ഐക്കണാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇ.ശ്രീധരനെ പദവിയില്‍ നിന്നും ഒ‍ഴിവാക്കിയത്.

ബിജെപിയില്‍ അംഗത്വമെടുത്തതോടെ ഇ.ശ്രീധരന് രാഷ്ട്രീയ നിഷ്പക്ഷതയില്ലാതായെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ നിര്‍ദേശം. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനത്തിലും ശ്രീധരന്‍ പങ്കെടുത്തു. ഈ പ്രായത്തിലും ദേഹബലവും ആത്മബലവും ഉണ്ടെന്നും അത് കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് ബിജെപിയിലേക്ക് വന്നതെന്നും  67 വര്‍ഷം ഔദ്യോഗിക ജീവിതം നയിച്ച്‌ രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് വന്നത് ആശ്ചര്യം തോന്നുന്നു. ഏത് ചുമതല തന്നാലും ഇതുവരെ ചെയ്ത മാതൃകയില്‍ ഏറ്റവും പ്രാപ്തിയും പരിചയവും കൊണ്ട് നേരിടാന്‍ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.

ഇ.ശ്രീധരനും കെ.എസ്.ചിത്രയും ആയിരുന്നു 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ഐക്കണ്‍. കെ.എസ്.ചിത്ര തുടര്‍ന്നേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് ചിത്രയുടെ സമ്മതം തേടി.

അതേസമയം, സംസ്ഥാനത്തിന്റെ പുതിയ തിരഞ്ഞെടുപ്പ് ഐക്കണായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ തിരഞ്ഞെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് ഐക്കണെ നിയമിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയുമായി പരമാവധി സഹകരണം ഉറപ്പാക്കാനുമാണ് സംസ്ഥാനത്തെ പ്രമുഖ വ്യക്തികളെ ഐക്കണായി തിരഞ്ഞെടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.