സൗദിക്കുനേരെ വീണ്ടും ഹൂതി ആക്രമണം; ആഗോള വിപണിയില്‍ എണ്ണ വില ഉയ‍ർന്നു

സൗദിക്കുനേരെ വീണ്ടും ഹൂതി ആക്രമണം; ആഗോള വിപണിയില്‍ എണ്ണ വില ഉയ‍ർന്നു

റിയാദ്: ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ തുറമുഖങ്ങളിലൊന്നായ സൗദി അറേബ്യയിലെ റസ്തന്നൂറയെ ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രണം നടത്തിയത് എണ്ണ വില ഉയരാന്‍ കാരണമായി. കഴിഞ്ഞ ദിവസമാണ് സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂതി ആക്രമണം നടത്തിയത്. എണ്ണ മേഖലയിലുണ്ടാകുന്ന നഷ്ടവും പ്രതിസന്ധിയും സൗദിക്ക് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടിലായിരിക്കാം ആക്രമണമെന്നാണ് വിലയിരുത്തല്‍.

റസ്തന്നൂറയില്‍ നിന്ന് ദിവസേന 65 ലക്ഷം ബാരല്‍ എണ്ണയാണ് കയറ്റി അയക്കുന്നതെന്നാണ് കണക്ക്. അതായത് ലോകത്ത് ആവശ്യമുള്ളതിന്റെ ഏകദേശം ഏഴ് ശതമാനത്തോളമെന്ന് കണക്ക്. അതീവ സുരക്ഷാമേഖലയുമാണിത്. റസ്തന്നൂറയ്ക്കൊപ്പം സൗദി അരാംകോയുടെ ജീവനക്കാ‍ർ താമസിക്കുന്ന ടെഹ്റാനിലും ഹൂതി മിസൈല്‍ ആക്രമണമുണ്ടായി.

അതേസമയം ഞായറാഴ്ച നടന്ന ആക്രമണങ്ങൾ എണ്ണ ഉൽപാദനത്തെ ബാധിച്ചിട്ടില്ലെന്ന് സൗദി അറേബ്യ പറഞ്ഞു. ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ നടത്തിയ ആക്രമണങ്ങളുടെ ഏറ്റവും പുതിയത് 2020 ജനുവരിക്ക് ശേഷം ആദ്യമായി എണ്ണവില ബാരലിന് 70 ഡോളറിന് മുകളിലേക്ക് ഉയർത്തി. രാജ്യത്തെ സുപ്രധാന മേഖലകളില്‍ ആക്രമണമുണ്ടായതോടെ ആഗോള എണ്ണവിലയിലും വർദ്ധനവുണ്ടായി. 67 ഡോളറില്‍ നിന്ന് ബാരലിന് 70 ഡോളര്‍ എന്ന നിലയിലേക്കാണ് ഇന്ന് വില ഉയര്‍ന്നത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 71.37 ഡോളര്‍ ആയി.

അതേസമയം ആക്രമണത്തെ സൗദി ഊ‍ർജ്ജ മന്ത്രാലയം അപലപിച്ചു. ആഗോള ഊർജ്ജ വിതരണത്തെ താറുമാറാക്കുകയെന്നുളളതാകാം ഹൂതികളുടെ ലക്ഷ്യമെന്ന് അധികൃതർ പ്രതികരിച്ചു. ജിസിസി സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്‌റഫ് ആക്രമണത്തെ അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയെ മാത്രമല്ല, രാജ്യാന്തര സമ്പദ് വ്യവസ്ഥയേയും ഇത്തരം ആക്രമണങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിയമങ്ങളുടേയും മാനദണ്ഡങ്ങളുടേയും ലംഘനമാണിതെന്ന് യുഎഇ പ്രതികരിച്ചു. സംഭവത്തെ അറബ് പാർലമെന്റും അപലപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.