താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി വിലക്കി

 താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍  ഹൈക്കോടതി വിലക്കി

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി വിലക്കി. ഇതു സംബന്ധിച്ച നിര്‍ദേശം മൂന്നാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകള്‍ക്കും നല്‍കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഐഎച്ച്ആര്‍ഡി വകുപ്പില്‍ സ്ഥിര നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാരും പി ഗോപിനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലാണ് ഹൈക്കോടതി തടഞ്ഞത്. ഒരു തസ്തികയില്‍ ഏറെ നാള്‍ ജോലി ചെയ്തുവെന്ന പേരില്‍ സ്ഥിരപ്പെടുത്തല്‍ അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ഇതിന് വിരുദ്ധമായ നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ വിലക്കിക്കൊണ്ട് ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം ഇതുവരെ നടപ്പാക്കിയ സ്ഥിരപ്പെടുത്തല്‍ നടപടികളില്‍ ഈ ഉത്തരവ് ബാധകമാണോ എന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ല. നേരെത്തെ 10 പൊതുമേഖ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്താല്‍ കോടതി താത്കാലികമായി തടഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.