ട്രാക്ടർ ഓടിച്ചും സമരപ്പന്തലിൽ പാട്ടുപാടി നൃത്തം ചെയ്തും വനിതാദിനം അവിസ്മരണീയമാക്കി സ്ത്രീകൾ

ട്രാക്ടർ ഓടിച്ചും സമരപ്പന്തലിൽ പാട്ടുപാടി നൃത്തം ചെയ്തും വനിതാദിനം അവിസ്മരണീയമാക്കി സ്ത്രീകൾ

ന്യൂഡൽഹി: വനിത ദിനത്തിൽ ഡൽഹി അതിര്‍ത്തികളിൽ കര്‍ഷക സമരം ശക്തമാക്കി സ്ത്രീകൾ. പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിൽ നിന്നായി നാല്പതിനായിരത്തോളം സ്ത്രീകൾ സമരത്തിന്റെ ഭാഗമായെന്ന് കര്‍ഷക സംഘടനകൾ അവകാശപ്പെട്ടു.

കര്‍ഷകരുടെ അവകാശങ്ങൾക്ക് വേണ്ടി വനിത ദിനത്തിൽ വീടുവിട്ട് ഇറങ്ങി സ്ത്രീകൾ. ഡൽഹിയുടെ അതിർത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ അണിനിരന്ന സ്ത്രീകൾ, കൃഷി നിയമങ്ങൾ പിൻവലിക്കും വരെ പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചു.

കര്‍ഷക യൂണിയനുകളുടെ കൊടിയുമായി പ്രായമായ അമ്മമാരും സമരത്തിന്റെ മുന്നണിയിലേക്ക് വന്നു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ട്രാക്ടറോടിച്ചും നിരവധി സ്ത്രീകൾ എത്തി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിനു സ്ത്രീകൾ നിരാഹാരമിരുന്നു. വഴികൾ തടഞ്ഞു പ്രകടനം നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ സ്ത്രീകളെ പ്രക്ഷോഭ കേന്ദ്രങ്ങളിലെത്തിക്കുമെന്നു സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.

അതേസമയം സമരസ്ഥലത്ത് ഒരു സംഘം ആകാശത്തേക്ക് വെടിയുതിര്‍ത്ത് പരിഭ്രാന്തിയുണ്ടാക്കിയ സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് കര്‍ഷക നേതാക്കൾ ആരോപിച്ചു. എന്നാൽ അതൊന്നും സ്ത്രീകളുടെ മുന്നേറ്റത്തെ ബാധിച്ചില്ല. പാട്ടുപാടിയും നൃത്തം ചെയ്തും കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയും എത്തിയ സ്ത്രീകളുടെ സംഘങ്ങൾ വനിതദിനത്തിലെ സമരം ആവേശമാക്കി.

എന്നാൽ വെടിയുതിര്‍ത്ത് പശ്ചാത്തലത്തിൽ പ്രക്ഷോഭകേന്ദ്രങ്ങളിൽ കർഷകർ സുരക്ഷ ശക്തമാക്കി. പുറമേ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക യുവാക്കളുടെ സംഘത്തിന് രൂപം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.