തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധം പാളിയെന്നാരോപിച്ച് നിയമസഭയില്‍ ആരോഗ്യമന്ത്രി കെ. മുരളീധരനും പ്രതിപക്ഷ എംഎല്‍എ മുഹമ്മദ് റിയാസും തമ്മില്‍ വാക്‌പോര്.
ഷിഗെല്ല, നിപ, എബോള, കുരങ്ങുപനി, എന്നിവ പടര്‍ന്നു പിടിച്ച് മരണങ്ങള്‍ വ്യാപിക്കുന്നുവെന്നും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാളിയത് പകര്‍ച്ചവ്യാധി വ്യാപനത്തിന് കാരണമായി എന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നോട്ടീസില്‍ പറഞ്ഞത് തെറ്റാണെന്നും മുഹമ്മദ് റിയാസിന് പാളിച്ച പറ്റി എന്നും ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ മറുപടി നല്‍കി. ഇന്ത്യയില്‍ എവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ആരോഗ്യ വകുപ്പില്‍ കെടുകാര്യസ്ഥതയാണെന്ന റിയാസിന്റെ ആരോപണത്തിന് കഴിഞ്ഞ പത്ത് വര്‍ഷത്തെ റീല്‍സും അഞ്ച് വര്‍ഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യ വകുപ്പ് നേരിട്ടിരുന്ന പ്രശ്നമെന്ന് മുരളീധരന്‍ തിരിച്ചടിച്ചു.
പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് പുതിയ ദിശാബോധവും പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. രോഗം വന്നിട്ട് നോക്കുന്നതിനേക്കാള്‍ വരാതിരിക്കാനാണ് ശ്രമിക്കുന്നത്. നിരീക്ഷണവും വിവിധ വകുപ്പുകളുടെ ഏകോപനവും ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിലെ കേരള മോഡല്‍ ലോകമാകെ അംഗീകരിച്ചതാണെന്നും എന്നാല്‍ അത് കൈവിടുന്നുവെന്നാണ് ഈ 35 ദിവസത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലില്‍ നിന്ന് മനസിലാകുന്നതെന്നും റിയാസ് പറഞ്ഞു.
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ആദ്യമാസം കോവിഡ് കാലമായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടമായിരുന്നു ആ സര്‍ക്കാരിന്റെ ആദ്യമാസം. എന്നാല്‍ ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യമാസം പലരുടെയും മാനം രക്ഷിക്കാനുള്ള പോരാട്ടമാണെന്ന് റിയാസ് പരിഹസിച്ചു.
നിപ, എബോള, ഷിഗല്ല, മലേറിയ തുടങ്ങിയ മാരക രോഗങ്ങളാണ് കേരളത്തില്‍ സ്ഥിരീകരിക്കപ്പെടുന്നത്. പകര്‍ച്ച വ്യാധികള്‍ തടയുന്നതില്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാട് പ്രധാനമാണ്. ഭരിക്കുന്നവര്‍ ശരിയല്ലാത്തത് കൊണ്ടാണ് കേരളത്തില്‍ രോഗം പടരുന്നതെന്നാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി മുന്‍പ് പറഞ്ഞത്. ഇതുപോലെ ദീര്‍ഘ വീക്ഷണമുള്ള ഒരു രാഷ്ട്രീയ നേതാവ് ലോകത്തില്ല.
ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലെ തിരക്കിലാണ് ഭരണ കക്ഷിയിലെ പലരും. സ്ഥലം മാറ്റത്തിലെ കൊയ്ത്തുകാലം തിരിച്ചു വരികയാണെന്നാണ് നാട്ടുസംസാരം. ഡിഎച്ച്എസില്‍ കസേര കളിയാണ്. യുഡിഎഫിലെ തമ്മില്‍ത്തല്ല് കാരണം കോഴിക്കോട് മന്ത്രിയില്ല. ഒരു ഡിഎംഒയെ എങ്കിലും നല്‍കണം. ആരോഗ്യ വകുപ്പിന് മറ്റുവകുപ്പുകളുമായി ഏകോപനമില്ലെന്നും റിയാസ് കുറ്റപ്പെടുത്തി.
എന്നാല്‍ ആശുപത്രി തലത്തിലും സര്‍ക്കാര്‍ തലത്തിലും പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഡെങ്കിപ്പനി പ്രതിരോധത്തിന് ഡ്രൈ ഡേ ക്യാമ്പയിന്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കെ. മുരളീധരന്‍ മറുപടി നല്‍കി. ആഴ്ചയില്‍ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കുന്നതിനുള്ള കലണ്ടര്‍ പുറത്തിറക്കിയിട്ടുണ്ട്.
എല്ലാ വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങളിലും ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കാന്‍ കലണ്ടര്‍ പുറത്തിറക്കി. കൊതുകുകളുടെ പ്രചനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കും. കുടിവെള്ള സ്രോതസുകള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, കുടി വെള്ള നിര്‍മാണശാലകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടക്കും. രോഗ വിവരങ്ങള്‍ മറച്ച് വെക്കുക എന്നതല്ല ഈ സര്‍ക്കാരിന്റ സമീപനമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.