സോഷ്യൽ മീഡിയയിലെ ജനപ്രിയ മുഖം ഇനി വൈദികപാതയിൽ; ജീസസ് യൂത്ത് പ്രചോദനമായെന്ന് അമേരിക്കൻ യുവാവ്

സോഷ്യൽ മീഡിയയിലെ ജനപ്രിയ മുഖം ഇനി വൈദികപാതയിൽ; ജീസസ് യൂത്ത് പ്രചോദനമായെന്ന് അമേരിക്കൻ യുവാവ്

വാഷിങ്ടൺ: സോഷ്യൽ മീഡിയയിലെ തനത് ശൈലിയിലുള്ള മലയാളം പറച്ചിലിലൂടെ ലക്ഷക്കണക്കിന് മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച അമേരിക്കൻ ഇൻഫ്ലുവൻസർ ക്രിസ്റ്റഫർ (ക്രിസ്) സന്യാസ ജീവിതത്തിലേക്ക്. സോഷ്യൽ മീഡിയയുടെ പ്രശസ്തിയും വരുമാനവും ഉപേക്ഷിച്ച് ക്രിസ് വൈദികനാകാൻ ഒരുങ്ങുന്നു എന്ന വാർത്ത അത്ഭുതത്തോടെയാണ് സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട കാൻസർ പോരാട്ടത്തിന് ശേഷമുള്ള ക്രിസിന്റെ ഈ തീരുമാനത്തിന് പിന്നിൽ ദൈവവിളിയുടെ വലിയൊരു കഥയുണ്ട്.

അമേരിക്കക്കാരനാണെങ്കിലും മലയാള ഭാഷയോടും കേരളത്തോടും ക്രിസ് പുലർത്തുന്ന സ്നേഹം വാക്കുകൾക്ക് അതീതമാണ്. വിനോദത്തിനായി മലയാളം പഠിക്കാൻ തുടങ്ങിയ ക്രിസ് 2023 സെപ്റ്റംബറിലെ 'സർവൈവൽ മലയാളം' വീഡിയോയിലൂടെയാണ് മലയാളി സൈബർ ലോകത്ത് തരംഗമായത്.

കൊച്ചി, കോട്ടയം, തിരുവനന്തപുരം, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ക്രിസ് 'നിങ്ങളുടെ നല്ല വെള്ളക്കാരൻ' എന്ന പേരിലാണ് അറിയപ്പെട്ടത്. 1.5 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള താരമാണ് ഇപ്പോൾ സന്യാസ ജീവിതത്തിനായി എല്ലാം വേണ്ടെന്നുവെക്കുന്നത്.

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു ക്രിസിന്റെ ജീവിതത്തെ മാറ്റിമറിച്ച രോഗനിർണയം. 2023 ഒക്ടോബറിൽ കാൻസർ സ്ഥിരീകരിച്ച ക്രിസിന് പിന്നീട് രോഗം നാലാം ഘട്ടത്തിലേക്ക് കടന്നതായി ഡോക്ടർമാർ വിധിയെഴുതി. എന്നാൽ 2025 ലെ ഈസ്റ്റർ ദിനത്തിൽ ദൈവത്തിന്റെ വലിയൊരു ഇടപെടൽ തനിക്കുണ്ടായെന്നും നവംബറായപ്പോഴേക്കും മെഡിക്കൽ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ പൂർണാരോഗ്യം വീണ്ടെടുത്തുവെന്നും ക്രിസ് സാക്ഷ്യപ്പെടുത്തുന്നു.

താൻ ഈ തീരുമാനത്തിലേക്ക് എത്തിയതിന് പിന്നിൽ 'ജീസസ് യൂത്ത്' പ്രസ്ഥാനത്തിന്റെ വലിയ സ്വാധീനമുണ്ടെന്ന് ക്രിസ് പറയുന്നു. "സർവ്വശക്തനായ ദൈവം എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു" എന്ന് കുറിച്ച ക്രിസ്,ചികിത്സിച്ച ഡോക്ടർമാർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും ജീസസ് യൂത്ത് കൂട്ടായ്മയ്ക്കും നന്ദി അറിയിച്ചു. യേശു തന്റെ ഉറ്റ സുഹൃത്താണെന്ന തിരിച്ചറിവാണ് തന്നെ ഈ പാതയിലേക്ക് നയിച്ചതെന്ന് ഇരുപത്തിയാറുകാരനായ ക്രിസ്റ്റഫർ പറയുന്നു.

സോഷ്യൽ മീഡിയയുടെ വെളിച്ചത്തിൽ നിന്ന് മാറി തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ദൈവത്തിന്റെ യഥാർത്ഥ 'ഇൻഫ്ലുവൻസർ' ആകാനുള്ള ക്രിസിന്റെ തീരുമാനത്തിന് വലിയൊരു വിഭാഗം ആളുകളാണ് ആശംസകൾ നേരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.