ഗർഭച്ഛിദ്രം തടയാൻ കർശന നിയന്ത്രണങ്ങളുമായി അമേരിക്കയിലെ അർക്കൻസാസ് സംസ്ഥാനം

ഗർഭച്ഛിദ്രം തടയാൻ കർശന നിയന്ത്രണങ്ങളുമായി അമേരിക്കയിലെ അർക്കൻസാസ് സംസ്ഥാനം

വാഷിംഗ്ടൺ : അമേരിക്കയിലെ അർക്കൻസാസ് ഗവർണർ അസാ ഹച്ചിൻസൺ ചൊവ്വാഴ്ച ഒപ്പിട്ട നിയമപ്രകാരം അടിയന്തിര സാഹചര്യങ്ങളിലൊഴികെ എല്ലാ ഗർഭച്ഛിദ്രങ്ങളെയും സംസ്ഥാനത്ത് നിരോധിക്കും. കോടതി ഈ നിയമം അസാധുവാക്കപ്പെടുന്നില്ലെങ്കിൽ അമേരിക്കയിലെ തന്നെ ഏറ്റവും കർശനമായ ഗർഭച്ഛിദ്ര നിയന്ത്രണം നടപ്പിലാക്കുന്ന സ്റ്റേറ്റ് ആയിരിക്കും അർക്കൻസാസ്.
അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടി ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നില്ല. അതിനാൽ തന്നെ റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങൾ അബോർഷന് എതിരെ കർശനമായ നിയന്ത്രണങ്ങൾ ആണ് കൊണ്ട് വരുന്നത്. ഗർഭച്ഛിദ്രത്തിനുള്ള ഒരു സ്ത്രീയുടെ അവകാശം ഉറപ്പുനൽകുന്ന 1973 ലെ റോ വി. വേഡ് എന്ന സുപ്രധാന കേസിലെ വിധി അസാധുവാക്കാൻ യുഎസ് സുപ്രീം കോടതിയെ പ്രേരിപ്പിക്കാനുള്ള യാഥാസ്ഥിതിക ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ.

അർക്കൻസാസ് അബോർഷൻ നിരോധനനിയമത്തിൽ , ബലാത്സംഗം അല്ലെങ്കിൽ വ്യഭിചാരം എന്നീ കേസുകളിൽ ഗർഭച്ഛിദ്രത്തിനു ഇളവുകൾനൽകുന്നില്ല . സമാനമായ അബോർഷൻ വിരുദ്ധ നയം അടുത്തിടെ പാസാക്കിയ ഒരേയൊരു സംസ്ഥാനമാണ് അലബാമ. പക്ഷെ കോടതിയിൽ  ചോദ്യം ചെയ്യപ്പെട്ടതിനെതുടർന്ന് നിയമം അസാധുവായി പ്രഖ്യാപിച്ചിരുന്നു.

അർക്കൻസാസ് സംസ്ഥാനത്തിന്റെ പുതിയ നീക്കം അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനെ വളരെയധികം ചൊടിപ്പിച്ചിട്ടുണ്ട് . “ഗവർണർ ഹച്ചിൻസൺ: ഞങ്ങൾ നിങ്ങളെ കോടതിയിൽ കാണും,” അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ അർക്കൻസാസ് ചാപ്റ്റർ ചൊവ്വാഴ്ച ട്വിറ്ററിൽ കുറിച്ചു.
ആഗസ്ത്  മുതലാണ്  ഈ നിയമം പ്രാബല്യത്തിൽ വരുക. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഭിന്നിപ്പുള്ള പ്രശ്നങ്ങളിലൊന്നാണ്   ഗർഭച്ഛിദ്രം. പ്രത്യേകിച്ച് കത്തോലിക്കാ -അകത്തോലിക്കാ വിഭാഗങ്ങൾ അബോർഷൻ വിരുദ്ധ നിയമങ്ങൾ പാസ്സാക്കുവാൻ സർക്കാരുകൾക്ക് പിന്തുണ നൽകുന്നു. ബില്ലിനെ , അർക്കൻസാസ് റൈറ്റ് ടു ലൈഫും ,ഫാമിലി കൗൺസിലും മറ്റ് ലൈഫ് പ്രോ ഓർഗനൈസേഷനുകളും പിന്തുണച്ചു.  അർക്കൻസാസ് റൈറ്റ് ടു ലൈഫ് എക്സിക്യൂട്ടീവ് ഡയറക്ടർ റോസ് മിംസ് ഈ നടപടിയെ പ്രശംസിച്ചു. പ്രൊ ലൈഫ് പ്രവർത്തനങ്ങൾ ഏറ്റവും ശക്തമായി നടക്കുന്ന ഒരു സംസ്ഥാനമാണ് അർക്കൻസാസ്.

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനോ മറ്റുള്ളവരോ ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യുകയാണെങ്കിൽ , റോ വി. വേഡ് കേസ് വിധിയും മറ്റ് അബോർഷൻ അനുകൂല തീരുമാനങ്ങളും അസാധുവാക്കാൻ ഫെഡറൽ‌ കോടതി സംവിധാനത്തിന് അവസരമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.


ഇതുമായി ബന്ധപ്പെട്ട മറ്റ് വാർത്ത : 
ജീവനുവേണ്ടി പ്രാർത്ഥിക്കാൻ അമേരിക്കയിലെ വിശ്വാസി സമൂഹം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.