ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കൈമാറി. പാര്‍ട്ടി അവഗണിച്ചുവെന്നാണ് ചാക്കോയുടെ പരാതി. കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തിലില്ല. എ കോണ്‍ഗ്രസും ഐ കോണ്‍ഗ്രസുമേയുളളൂ. ആ രണ്ട് പാര്‍ട്ടികളും തമ്മിലുളള സീറ്റ് വീതം വയ്പ്പാണ് നടക്കുന്നതെന്നും പി.സി ചാക്കോ ആരോപിച്ചു.
നാല്‍പ്പത് പേരുളള തിരഞ്ഞെടുപ്പ് കമ്മിറ്റി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. കോണ്‍ഗ്രസ് നടപടിക്രമം അനുസരിച്ച് ഓരോ നിയോജക മണ്ഡലത്തിലും പാനല്‍ തയ്യാറാക്കി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ലിസ്റ്റ് അയക്കണം. പിന്നീട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്കും അയക്കണം. എന്നാല്‍ പേരുകളെല്ലാം ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും അല്ലെങ്കില്‍ അവരോടൊപ്പം നില്‍ക്കുന്ന ഗ്രൂപ്പ് നേതാക്കളുടെയും കൈയിലാണെന്നും പി.സി ചാക്കോ ആരോപിച്ചു.
ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവില്ല. കേരളത്തിലെ ഗ്രൂപ്പുകളെ ഹൈക്കമാന്‍ഡ് സംരക്ഷിക്കുന്ന സ്ഥിതിയാണുളളത്. ഈ സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്ന് ചാക്കോ പറഞ്ഞു. നിര്‍ണായകമായ ഒരു നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഒരു കൂടിയാലോചനയും നടന്നിട്ടില്ല.
ഇരു ഗ്രൂപ്പുകളും അവരവരുടെ പട്ടിക തയാറാക്കുകയാണ് ചെയ്തത്. ഇതാണ് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നല്‍കിയിട്ടുളളത്. എങ്ങോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ല. രാജി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കട്ടെയെന്നും ചാക്കോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.