വലിയ നോമ്പിന്റെ പകുതിയിലേക്ക് നമ്മൾ കടക്കുകയാണ്. നാലാമത്തെ ആഴ്ചയിലാണ് പാതി നോമ്പ് ദിനം (സൗമാ റമ്പാ) ആചരിക്കുന്നത്. പാശ്ചാത്യ സഭയിലും പൗരസ്ത്യാ സഭയിലും ഒന്നുപോലെ ആചരിക്കുന്ന ഒന്നാണ് പാതിനോമ്പ്. വളരെ വ്യത്യസ്തമായ ആചരണ രീതികളാണ് രണ്ടു സഭകളിലും കാണുന്നത്. പാശ്ചാത്യ സഭകളിൽ ഇത് പാതി നോമ്പിന് ശേഷമുള്ള ഞായറാഴ്ച യാണ്. ഈ വർഷം മാർച്ച് 10 ബുധനാഴ്ച ( നാലാം ബുധൻ) പാതിനോമ്പ് തികയുന്നത് എങ്കിലും ആഘോഷിക്കുന്നത് ഞായറാഴ്ചയാണ്. ഈ ഞായറാഴ്ച യെ അറിയപ്പെടുന്നത് സന്തോഷത്തിന്റെ ഞായർ എന്നാണ്. 'ജറുസലേമേ ആനന്ദിക്കും' (എശയ്യ 66:10) എന്ന പ്രവേശന ഗാനം ഈ ദിവസം ആലപിക്കുന്നത്. പാതി നോമ്പിനെ പ്രത്യാശയുടെ ദിനമായി കാണുന്നതിനാലാണ്. ഈസ്റ്റർ അടുത്തു വരികയാണ്.... സന്തോഷത്തിന്റെ ഇടവേളയായി ഇതിനെ കാണുന്നു.
പുരാതന കാലങ്ങളിൽ, പാതി നോമ്പ് ദിനം ദിവസം തടവറയിൽ കഴിയുന്നവർക്ക് വീട്ടിൽ പോയി അമ്മയെ കാണുവാൻ അനുവാദം കൊടുത്തിരുന്നു. അടിമകൾക്ക് അന്നേ ദിവസം വീട്ടിൽ പോകുവാൻ സാധിക്കുമായിരുന്നു. മധുരപലഹാരം വിതരണം ചെയ്തിരുന്നു. ഈ ആചരണമെല്ലാം പാശ്ചാത്യസഭയിൽ ഉണ്ടായിരുന്നു എന്നാൽ പൗരസ്ത്യ സഭയിൽ അമ്പതുനോമ്പ് ആരംഭിക്കുന്നത് തിങ്കളാഴ്ച്ച ആയിരുന്നു. (പേത്തൂർത്ത ഞായർ കഴിഞ്ഞാൽ ഉടനെ) എന്നാൽ പാശ്ചാത്യ സഭയിൽ (ലത്തീൻ സഭ) ബുധനാഴ്ചയാണ് നോമ്പ് ആരംഭിക്കുന്നത്.
പൗരസ്ത്യ സഭയിൽ വളരെ പ്രത്യേക രീതിയിൽ ആണ് ആചരിക്കുന്നത്. എഡി614 ൽ പേർഷ്യൻ രാജാക്കന്മാർ ജറുസലേം കീഴടക്കി, അവിടെ സൂക്ഷിച്ചിരുന്ന യേശുവിന്റെ കുരിശ് എടുത്തു കൊണ്ടു പോയി. (ഹെലേന രാജ്ഞി കണ്ടെത്തിയ കുരിശ്) അതിന് ശേഷം ഈ കുരിശ് തിരികെ കൊണ്ടുവരുന്നത് ക്രിസ്ത്യൻ രാജാവായ ഹെരാക്ലസ്സിന്റെ കാലത്ത് എഡി629 ലാണ്. അങ്ങനെ വീണ്ടും കുരിശ് എടുത്ത് ജറുസലെമിൽ കൊണ്ട് വന്നു ഉയര്‍ത്തി സ്ഥാപിച്ചു. ഈ കുരിശ് എടുത്ത് ഉയർത്തി ആഘോഷിച്ചത് ഒരു പാതിനോമ്പിലായിരുന്നു. അതുകൊണ്ടാണ് പാതിനോമ്പിൽ കുരിശ് എടുത്ത് ഉയർത്തി സ്ഥാപിക്കുന്ന രീതി ആചരിക്കാൻ ആരംഭിച്ചത്.
എന്നാൽ പിന്നീട് വീണ്ടും എഡി 637 ൽ ജറുസലേം ആക്രമിക്കപ്പെടുകയും അവിടം മുസ്ലീം അധിനിവേശത്തിലായി മാറുകയും ഉണ്ടായി. ജറുസലേം മുഴുവൻ ശത്രുക്കൾ തകർത്തു. അപ്പോൾ ഈ കുരിശ് ക്രിസ്ത്യാനികൾ ഒളിച്ച് വയ്ക്കുകയുണ്ടായി. അങ്ങനെ ആ കുരിശ് ഉയർത്തുന്ന ആചരണം ഇല്ലാതെയായി. ജറുസലേമിൽ ഈ ആചരണം ഇല്ലാതെ ആയെങ്കിലും ഈ ശുശ്രൂഷ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരുന്നു. അങ്ങനെയാണ് ദുഃഖവെള്ളിയാഴ്ചയും പാതിനോമ്പിലും തിരുക്കുരിശ് ഉയർത്തുന്ന കർമ്മം പഴയ കാലഘട്ടത്തിൽ രൂപപ്പെട്ടത്.
എഡി 787 ൽ രണ്ടാം നിഖ്യാ സുന്നഹദോസിന്റെ ഒരു പ്രധാന തീരുമാനം ഇതായിരുന്നു. “വിശുദ്ധ കുരിശിനെ ആദരിക്കണം, ഉയർത്തണം, തിരുനാൾ ആചരിക്കണം”. വിശുദ്ധ കുരിശിനോടുള്ള ഭക്തി വളർത്തണം എന്ന ചിന്ത വളർന്നു. അതുകൊണ്ടാണ് പൗരസ്ത്യ സഭകളിൽ പാതിനോമ്പിൽ വിശുദ്ധ കുരിശ് ഉയർത്തുകയും ദൈവാലയ മദ്ധ്യത്തിൽ സ്ഥാപിക്കുകയും ചെയ്യുന്ന കർമ്മം വികസിച്ചു വന്നത്.
ഈ തിരുക്കുരിശ് ഉയർത്തുന്നതിന് കൂടുതൽ അധ്യാത്മികമായ ഒരു വിശുദ്ധമായ അർത്ഥം കൂടിയുണ്ട്. പഴയ നിയമത്തിൽ മോശ മരുഭൂമിയിൽ വച്ച് പിച്ചള സർപ്പത്തെ ഉയർത്തുന്നതായി കാണാം (സംഖ്യ 21). അതുപോലെ മനുഷ്യ പുത്രനും ഉയർത്തപ്പെടും. (യോഹ: 3:14) എന്നും പറഞ്ഞിട്ടുണ്ട്. കുരിശ് ഉയർത്തുന്നത് ഇതുപോലെ ഈശോയും ഉയർത്തപ്പെടും. ഈശോയുടെ കുരിശ് വഴി മരണവും ഉയിർപ്പും നേടും. ഈശോയെ നോക്കുന്നവർ രക്ഷ പ്രാപിക്കും. മരുഭൂമി യാത്രയിൽ കുരിശ് ഉയർത്തിയത് പോലെ ഈ നോമ്പിന്റെ തീവ്രമായ മരുഭൂമി ഒരു അനുഭവത്തിലൂടെ തിരുസഭ കടന്നുപോകുമ്പോൾ ഭൂമിയുടെ പ്രതീകമായ ദൈവാലയ ഭാഗത്തിന്റെ (ജനം നില്ക്കുന്ന) മധ്യത്തിൽ കുരിശ് ഉയർത്തുന്നത് ഈശോയെ മധ്യസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിന്റെ സൂചന ആയിട്ടാണ്. മാത്രമല്ല പുരാതനകാലത്ത് ജറുസലേം എന്ന് പറയുന്നത് ഭൂപടത്തിന്റെ മധ്യഭാഗമായി കരുതിയിരുന്നു. ഈശോ ലോകത്തിന്റെ മധ്യഭാഗത്താണ് കുരിശിൽ ഉയർത്തപ്പെട്ടിരുന്നത് എന്ന ചിന്തയും ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നു.
വീടുകളിൽ പാതി നോമ്പിൽ ഇണ്ടറി അപ്പം ഉണ്ടാക്കി മധ്യത്തിൽ കുരുത്തോല കുരിശ് വച്ച് അമ്മമാരും തങ്ങളുടെ കുടുംബത്തിൽ കുരിശ് ഉയർത്തി കുഞ്ഞുങ്ങൾക്ക് ഈ വിശ്വാസപരിശീലനം കൊടുത്തിരുന്നു. ഇങ്ങനെ വിവിധങ്ങളായ രീതികളിലൂടെ വളർന്നു വന്നതാണ് പാതി നോമ്പിന്റെ ആചാര രീതികൾ. അർഥം അറിഞ്ഞു അനുഷ്ഠിക്കുമ്പോഴാണ് ഓരോ ഭക്തകൃത്യങ്ങളും കൂടുതൽ അനുഗ്രഹപ്രദമാകുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.