മകളെ ബലാത്സംഗം ചെയ്‌തെന്ന് പരാതി നൽകിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ദുരൂഹതയെന്ന് കുടുംബം

മകളെ ബലാത്സംഗം ചെയ്‌തെന്ന് പരാതി നൽകിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ദുരൂഹതയെന്ന് കുടുംബം

കാൻപുർ: ഉത്തർപ്രദേശിലെ കാൻപുരിൽ കൂട്ടബലാത്സംഗത്തിനിരയായ 13 വയസ്സുകാരിയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു. മകൾ ബലാത്സംഗത്തിനിരയായ സംഭവത്തിൽ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് പിതാവ് വാഹനാപകടത്തിൽ മരിച്ചത്. അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി.

മകൾ കൂട്ടബലാത്സംഗത്തിനിരയായെന്ന് കാൻപുർ സ്വദേശി പോലീസിൽ പരാതി നൽകിയിരുന്നു. പരാതി കൊടുത്തതിനെ തുടർന്ന് പ്രതികളുടെ കുടുംബത്തിൽ നിന്ന് പിതാവിന് ഭീഷണിയുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ മകളെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് ആശുപത്രിക്ക് മുന്നിൽവെച്ചുണ്ടായ വാഹനാപകടത്തിൽ കാൻപുർ സ്വദേശി മരിച്ചത്. ഇതോടെ ബലാത്സംഗക്കേസിലെ പ്രതികളാണ് അപകടമരണത്തിന് പിന്നിലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.

'പെൺകുട്ടിയുടെ വൈദ്യപരിശോധന നടക്കുന്നതിനിടെ പിതാവ് ഒരു ചായ കുടിക്കാനായി പുറത്തുപോയിരുന്നു. അതിനിടെയാണ് ലോറി ഇടിച്ച് അപകടമുണ്ടായത്. ഉടൻതന്നെ അദ്ദേഹത്തെ കാൻപുരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്'- കാൻപുർ ജില്ലാ പോലീസ് മേധാവി പ്രീതിന്ദർ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസിൽ മുഖ്യപ്രതിയായ ഗോലു യാദവിന്റെ പിതാവ് യു.പി. പോലീസിലെ എസ്.ഐ.യാണ്. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഗോലു യാദവിനെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. പരാതി നൽകിയതിന് പിന്നാലെ ഗോലു യാദവിന്റെ സഹോദരനടക്കം വീട്ടിലെത്തി അച്ഛൻ എസ്.ഐ.യാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പിതാവിന്റെ മരണം കൊലപാതകമാണെന്നും സംഭവത്തിൽ പോലീസിന് പങ്കുണ്ടെന്നും ഇവർ ആരോപിച്ചു.

അതേസമയം, വാഹനാപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അപകടമുണ്ടാക്കിയ വാഹനം ഉടൻ കണ്ടെടുക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. രണ്ട് കേസുകളിലും അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. ബലാത്സംഗക്കേസിൽ വേഗത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. അഞ്ച് സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ബ്രിജേഷ് ശ്രീവാസ്തവ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.