വാഷിങ്ടൺ: ലോകാരോഗ്യസംഘടന കോവിഡ് 19 ലോക മഹാമാരിയായി പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു .
ആഗോള കോവിഡ് -19 ലോകമഹാമാരിയെക്കുറിച്ച് സന്ദേശം നൽകിക്കൊണ്ട് യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് (യുഎസ്‌സിസിബി) അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. യുഎസ്‌സിസിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നയിക്കുന്നത് കോൺഫറൻസിന്റെ പ്രസിഡന്റാണ്. ഇത് കോൺഫറൻസ് കമ്മിറ്റികളുടെ എല്ലാ ചെയർമാന്മാരും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഓരോ എപ്പിസ്കോപ്പൽ റീജിയനിൽ നിന്നുള്ള പ്രതിനിധികളും ചേർന്നതാണ്. കൂടാതെ ഈ കമ്മിറ്റി ഡയറക്ടർ ബോർഡായി പ്രവർത്തിക്കുകയും ചെയ്യുന്നു. ബിഷപ്പ്മാരുടെ സന്ദേശം ഈ ദിവസത്തിൽ വളരെ പ്രസക്തമാകുന്നു.
യുഎസ്‌സിസിബിയുടെ സന്ദേശം ഇപ്രകാരം :
"ലോകമഹാമാരി നമ്മുടെ ജീവിതത്തിൽ നാടകീയമായ മാറ്റങ്ങൾ വരുത്തിത്തുടങ്ങിയിട്ട് ഒരു വർഷം തികയുന്നു. വളരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു വർഷം. പലരും അസാധാരണമായ കഷ്ടതകൾ സഹിച്ചു. രോഗം, മരണം, വിലാപം, ദാരിദ്ര്യം,പാർപ്പിടം നഷ്ടപ്പെട്ടവർ, ജോലിയും വരുമാനവും നഷ്ടപ്പെടവർ, വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ, വേർപാട്, പലതരത്തിലുമുള്ള ദുരുപയോഗം, ഒറ്റപ്പെടൽ, വിഷാദം, ഉത്കണ്ഠ, വംശീയ അനീതികൾ, ദരിദ്രരുടെയും പ്രായമായവരുടെയും വേദന, രാഷ്ട്രീയ ജീവിതത്തിലെ വേദനാജനകമായ ഭിന്നത എന്നിവ നമ്മൾ കണ്ടു. സങ്കീർത്തനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, "നമുക്ക് ജീവൻ നൽകുന്ന ദൈവത്തിന്റെ വാഗ്ദാനത്തിൽ ആശ്വാസം ലഭിക്കുന്നുവെന്ന് നമുക്കറിയാം "(സങ്കീ. 119: 50).
നിരവധി ആരോഗ്യ പരിപാലന പ്രവർത്തകർ, ഫസ്റ്റ് റെസ്പോൻഡേർസ്,ചാപ്ലെയിനുകൾ, വീടില്ലാത്തവർക്കുള്ള അഭയകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർ, മെയിൽ കാരിയറുകൾ, കാർഷിക, പലചരക്ക് കട തൊഴിലാളികൾ, സുഹൃത്തുക്കൾ പിന്നെ അപരിചിതർ , എന്നിവരുടെ എണ്ണമറ്റ ത്യാഗങ്ങളും നമ്മൾ കണ്ടു. നിരവധി ആളുകൾ കാരുണ്യത്തിന്റെ സഹായ വാഗ്ദാനവുമായി എത്തി. ഇതിൽ നമ്മളെല്ലാവരും ഒരുമിച്ചാണെന്ന് നമ്മെ ഓർമ്മിപ്പിച്ചു. ഈ ത്യാഗ പ്രവർത്തനങ്ങൾക്കെല്ലാം ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. ഈ പ്രയാസകരമായ സമയങ്ങളിൽ ദൈവജനത്തിന് ശുശ്രൂഷ ചെയ്ത നമ്മുടെ പുരോഹിതന്മാർ, ഡീക്കന്മാർ, മതവിശ്വാസികൾ, അദ്ധ്യാപകർ, കാറ്റെക്കിസ്റ്റുകൾ, സഭാ ശുശ്രൂഷകർ എന്നിവരോടും ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്.
ഈ പകർച്ചവ്യാധിയിൽ, ദൈവം വീണ്ടും നമുക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഫ്രാൻസിസ് മാർപാപ്പ നമ്മെ ഓർമ്മിപ്പിച്ചതുപോലെ," നാം വിചാരിച്ചത്ര ശക്തരോ കാര്യങ്ങളെ നിയന്ത്രിക്കാനുള്ള കഴിവോ നമുക്കില്ല. ഈ കഴിവില്ലായ്മയിൽ ലജ്ജിക്കുന്നതിനോ അല്ലെങ്കിൽ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്തതിനെ ഭയപ്പെടുന്നതിനോ പകരം, നമ്മുടെ പരസ്പര ബന്ധവും ദൈവാശ്രയത്ത്വവും വെളിപ്പെട്ടിരിക്കുന്നു." ക്രിസ്ത്യാനികളെന്ന നിലയിൽ നമുക്ക് ഇത് വളരെ പരിചിതമായ ഒരു പാഠമാണ്: പരസ്പരം ഭാരം വഹിക്കാനും അങ്ങനെ ക്രിസ്തുവിന്റെ നിയമം നിറവേറ്റാനുമുള്ള വിശുദ്ധ പൗലോസിന്റെ ഓർമ്മപ്പെടുത്തൽ; ( ഗലാ 6: 2)ആ നിയമം സ്നേഹത്തിന്റെ നിയമമാണ്.
നാം ഒരു ആഗോള സമൂഹമാണെന്നും നമ്മൾ ഓരോരുത്തരും പരസ്പരം സൂക്ഷിപ്പുകാരനാണെന്നുമുള്ള നമ്മുടെ അവബോധത്തെ ഈ മഹാമാരി ഉത്തേജിപ്പിച്ചു. വാക്സിനുകളുടെ വർദ്ധിച്ചുവരുന്ന ലഭ്യത ഈ മഹാമാരിയും കടന്നുപോകുമെന്ന പ്രതീക്ഷയുടെ വ്യക്തമായ അടയാളമാണെങ്കിലും വാക്സിനുകൾ സാർവത്രികമായി ലഭ്യമാക്കി ഈ പ്രതീക്ഷ ഭൂമിയിലെ ഓരോ മനുഷ്യർക്കും നൽകണം. ഒരു രാജ്യവും ഒരു വ്യക്തിയും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സമ്പന്ന രാജ്യങ്ങളും ഫാർമസ്യൂട്ടിക്കൽ കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കണം. ഈ കഷ്ടപ്പാടുകളിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഈ പകർച്ചവ്യാധിയുടെ സമയത്ത് പലരും അനുഭവിച്ച ഒറ്റപ്പെടലും ഉണ്ടായ മുറിവുകളും സുഖപ്പെടുത്തുക മാത്രമല്ല, അത്തരം വേർതിരിക്കലുകൾ വീണ്ടും ഉണ്ടാകുന്നത് തടയുകയും ചെയ്യുന്ന കൂടുതൽ സാമൂഹിക ഘടനകൾക്ക് രൂപം കൊടുക്കുകയും പ്രാദേശിക തലത്തിൽ നാം കണ്ട ദയയും തുറന്ന മനസ്സും നാം വളർത്തിയെടുക്കുകയും ചെയ്യണം. ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചതുപോലെ, “അതിനാൽ നമുക്ക് ഒരൊറ്റ കുടുംബമെന്ന നിലയിൽ സ്വപ്നം കാണാം," നാം പരസ്പരം കൂടുതൽ കരുതുന്ന ഒരു സ്വപ്നം. നമുക്ക് ഈ ബോധം സജീവമായി നിലനിർത്തുകയും പൊതുനന്മയെ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾ തുടരുകയും ചെയ്യാം
നവീകരിക്കപ്പെട്ട ഈ നോമ്പുകാലത്ത്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഞങ്ങൾ കർത്താവിൽ വിശ്വാസമർപ്പിക്കുന്നു; കഷ്ടതയനുഭവിക്കുകയും ക്രൂശിക്കപ്പെടുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത കർത്താവിൽ. എല്ലാവരുടെയും ഹൃദയത്തിലും കുടുംബങ്ങളിലും സമൂഹത്തിലും ദൈവസ്നേഹം നിലനിർത്താൻ ഞങ്ങൾ ഞങ്ങളുടെ സഹബിഷപ്പുമാരോടൊപ്പം അഭ്യർത്ഥിക്കുന്നു. വീണ്ടും പഴയതുപോലെ വിശ്വാസികൾ ഒരുമിച്ച് ബലിയർപ്പണത്തിൽ പങ്കെടുക്കുകയും നമ്മുടെ ഇടവകകളിൽ ഒത്ത് കൂടുകയും ചെയ്യാൻ ഞങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്നു."
അഞ്ച് ലക്ഷത്തിന് മുകളിൽ ജീവനുകളാണ് കോവിഡ് അമേരിക്കയിൽ തട്ടിയെടുത്തത് . അത് വരുത്തിയ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ഇനിയും ഒരുപാട് ദൂരം പോകണം ഈ രാജ്യത്തിന് ഒരു പൂർണ്ണമായ വീണ്ടെടുക്കലിന്. അതിനിടയിലാണ് ചില സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയതും മാസ്ക് വെയ്ക്കണ്ട എന്ന നിയമം കൊണ്ടുവന്നതും. കൂനിന്മേൽ കുരു പോലെ ആയിട്ടുണ്ട് ഈ ഉത്തരുവുകൾ. അവസ്ഥ ഇനി വഷളായാൽ അത്ഭുതപ്പെടാനില്ല.
കോവിഡിന് ലോക മഹാമാരി പട്ടം ലഭിച്ചതിന്റെ ഒന്നാം വാർഷികം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.