നേമത്ത് മുരളീധരന്‍ തന്നെ വന്നേക്കും; തൃപ്പൂണിത്തുറയില്‍ സൗമിനി ജെയിന് സാധ്യത: മൂവാറ്റുപുഴയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി?

 നേമത്ത് മുരളീധരന്‍ തന്നെ വന്നേക്കും;  തൃപ്പൂണിത്തുറയില്‍ സൗമിനി ജെയിന് സാധ്യത:  മൂവാറ്റുപുഴയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി?

കൊച്ചി: സിറ്റിംഗ് മണ്ഡലം വിട്ട് നേമത്തേക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കിയതോടെ നേമത്ത് കെ.മുരളീധരന്‍ മത്സരിക്കാനുളള സാധ്യതയേറി.

ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമം തിരിച്ചു പിടിക്കാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന അഭിപ്രായത്തെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മണ്ഡലം മാറി മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു.

അതിനിടെ തൃപ്പൂണിത്തുറ സീറ്റിനായി രംഗത്തെത്തിയ മുന്‍മന്ത്രി കെ.ബാബുവിനെതിരെ ഐ ഗ്രൂപ്പ് രംഗത്തു വന്ന സാഹചര്യത്തില്‍ മുന്‍ കൊച്ചി മേയര്‍ സൗമിനി ജെയിനിന് സാധ്യതയേറി. മൂവാറ്റുപുഴയില്‍ മത്സരിക്കാനൊരുങ്ങി രംഗത്തുള്ള ജോസഫ് വാഴയ്ക്കനും മാത്യൂ കുഴല്‍നാടനും അവസാന നിമിഷം പട്ടികയില്‍ നിന്ന് പുറത്തായതാണ് സൂചന. സാമുദായിക താല്‍പര്യങ്ങള്‍ പരിഗണിച്ച് മറ്റൊരു സ്ഥാനാര്‍ത്ഥി വരാനാണ് സാധ്യത. കാഞ്ഞിരപ്പള്ളിയില്‍ കെ.സി ജോസഫിനെ മത്സരിപ്പിക്കാനാവില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍ഡും എം.പിമാരും ഉറച്ചുനില്‍ക്കുകയാണ്.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സാധ്യതാ പട്ടിക വിശദമായി ചര്‍ച്ച ചെയ്യുകയും ഓരോ മണ്ഡലത്തിലും നിര്‍ദേശിക്കപ്പെട്ട പേരുകള്‍ ഒന്നോ രണ്ടോ ആയി ചുരുക്കാനുളള ശ്രമങ്ങളുമാണ് നടന്നത്. ഇന്ന് രാവിലെ സ്‌ക്രീനിങ് കമ്മിറ്റി യോഗം വീണ്ടും ആരംഭിച്ചു. തര്‍ക്കങ്ങള്‍ പരിഹരിച്ച് വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.

നേമം മണ്ഡലത്തില്‍ മത്സരിക്കാനുള്ള സാധ്യതയേറിയതോടെ കേരളത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടക്കമുളള നേതാക്കളുമായി കെ.മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. മത്സരിക്കുന്നതിനൊപ്പം പ്രചാരണസമിതി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന നിലപാട് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു. 90-92 സീറ്റുകളിലായിരിക്കും കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുക. ഇതില്‍ ആലപ്പുഴ, ധര്‍മടം, മലമ്പുഴ തുടങ്ങി മത്സരിക്കുന്ന 26 സീറ്റുകളില്‍ ജയസാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.