കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും പ്രവാസിക്ക് ദുരനുഭവം; 40 ലക്ഷം രൂപയുടെ വാച്ച് കസ്റ്റംസ് ഓഫീസ‍ർ നശിപ്പിച്ചു

കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും പ്രവാസിക്ക് ദുരനുഭവം; 40 ലക്ഷം രൂപയുടെ വാച്ച് കസ്റ്റംസ് ഓഫീസ‍ർ നശിപ്പിച്ചു

ദുബായ്: കരിപ്പൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവാസിക്ക് വീണ്ടും ദുരനുഭവം. മാർച്ച് മൂന്നാം തിയതി ഉച്ചക്ക് 2.45 ന് ദുബായിൽ നിന്നും കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ്സിന്‍റെ IX 1952 വിമാന ത്തിൽ എത്തിയ മംഗലാപുരം ഭട്കല്‍ സ്വദേശി മുഹമ്മദ് ഇസ്മായിലിനാണ് ദുരനുഭവം ഉണ്ടായത്. സ്വ‍ർണം വാച്ചിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടർന്ന് 40 ലക്ഷം രൂപ (രണ്ട് ലക്ഷം ദി‍ർഹം) വിലമതിക്കുന്ന ഓഡെമേഴ്‌സ് പിഗുവറ്റ് വാച്ച് കസ്റ്റംസ് ഉദ്യോ‍ഗസ്ഥ‍ർ പൊട്ടിച്ചുവെന്നാണ് പരാതി.

ടെക്നീഷ്യന്റെ സഹായത്തോടെ വാച്ച് അഴിച്ചു പരിശോധിക്കുന്നതിന് പകരം പൊട്ടിച്ചു പരിശോധിക്കുകയായിരുന്നുവെന്നാണ് ഇസ്മയില്‍ പറയുന്നത്. സഹോദരനെ കണ്ടതിന് ശേഷം ദുബായില്‍ നിന്ന് കർണാടകയിലെ ഭട്കലിലേക്ക് കരിപ്പൂർ വിമാനത്താവളം വഴിയാണ് മുഹമ്മദ് ഇസ്മയില്‍ പോയത്. കരിപ്പൂർ വിമാനത്താവളത്തില്‍ കസ്റ്റംസ് ഓഫീസർ തടഞ്ഞുനിർത്തുകയും വാച്ച് അഴിപ്പിക്കുകയും ചെയ്തു. പിന്നീട് ചുറ്റിക ഉപയോഗിച്ച് വാച്ച് പൊട്ടിച്ചു. സംശയിച്ചതുപോലെ ഒന്നുമില്ലെന്ന് മനസിലായതോടെ ആറു കഷണങ്ങളായി ചിതറിയ വാച്ച് തിരികെ നല്കിയെന്നും ഇസ്മയില്‍ പറഞ്ഞു.


എന്നാല്‍ വാച്ച് എടുത്തതുപോലെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടതോടെ അന്‍പതിനായിരം ദിർഹം നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു പ്രതികരണം. വിഷയത്തില്‍ കരിപ്പൂർ വിമാനത്താവളത്തിലെ അധികൃതരുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. കോഴിക്കോട് പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്ട്രർ ചെയ്തു.

ദുബായില്‍ ബിസിനസുകാരനായ സഹോദരനാണ് ഇസ്മയിലിന് വാച്ച് സമ്മാനമായി നല്‍കിയത്. 2017 ല്‍ 226,000 ദിർഹം നല്‍കി സഹോദരന്‍ വാങ്ങിയ വാച്ചാണ്. വാച്ചിന്‍റെ ബില്ലും മറ്റ് കാര്യങ്ങളും കൈയ്യിലുണ്ട്. ഒന്നുകില്‍ വാച്ചിന്‍റെ വിലയ്ക്ക് തുല്യമായ പണമോ അതല്ലെങ്കില്‍ പുതിയ വാച്ചോ വേണമെന്നുളളതാണ് ഇസ്മയിലിന്‍റെ ആവശ്യം. കോഴിക്കോട് കേന്ദ്രമായി സാമൂഹ്യ പ്രവർത്തനം നടത്തുന്ന കെ എം ബഷീറാണ് വീഡിയോ സമൂഹമാധ്യത്തില്‍ പങ്കുവച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.