യാക്കോബായ സഭയെ ഒപ്പം നിര്‍ത്തി ബി.ജെ.പി; പാര്‍ട്ടി നടത്തുന്നത് നിര്‍ണ്ണായക നീക്കം

യാക്കോബായ സഭയെ ഒപ്പം നിര്‍ത്തി ബി.ജെ.പി; പാര്‍ട്ടി നടത്തുന്നത് നിര്‍ണ്ണായക നീക്കം

കോട്ടയം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സഭാ തര്‍ക്കത്തില്‍ നിര്‍ണ്ണായകമായ ഇടപെടല്‍ ആവശ്യപ്പെട്ട് യാക്കോബായ സഭ നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ സന്ദര്‍ശിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കോട്ടയം ജില്ലയില്‍ നിന്നുള്ള ബി.ജെ.പി സംസ്ഥാന നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് യാക്കോബായ സഭ നേതൃത്വത്തിന് ഡല്‍ഹിയില്‍ എത്തി അമിത്ഷായുമായി ചര്‍ച്ച നടത്താന്‍ തീരുമാനമാകുകയായിരുന്നു.


യാക്കോബായ സഭ കോട്ടയം ഭദ്രാസന്നാധിപന്‍ ഡോ.തോമസ് മാര്‍ തിമോത്തിയോസിന്‍റെ നേതൃത്വത്തിലുള്ള നാല് മെത്രാപ്പോലിത്താമാരാണ് നാളെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവരെയും സന്ദര്‍ശിക്കുക.
ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് എന്നിവരും സംഘത്തിലുണ്ടാകും. യാക്കോബായ സഭ ബി.ജെ.പി നേതൃത്വവുമായി അടുക്കുന്നത് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ബി.ജെ.പിയ്ക്ക് കരുത്തായി മാറുമെന്നാണ് ലഭിക്കുന്ന സൂചന.


നേരത്തെ ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും മിസോറാം ഗവര്‍ണ്ണറുമായ പി.കെ ശ്രീധരന്‍പിള്ള കേരളത്തില്‍ എത്തിയപ്പോള്‍ യാക്കോബായ സഭ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഓഡിറ്റ് വിഭാഗം ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ബി.രാധാകൃഷ്ണ മേനോനാണ് യാക്കോബായ സഭയുടെ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ചത്. യാക്കോബായ സഭയുടെ മെത്രാപ്പോലീത്താമാരുമായി രാധാകൃഷ്ണമേനോന് വ്യക്തിപരമായ അടുപ്പമുണ്ട്. ഈ അടുപ്പമാണ് ഇപ്പോള്‍ സഭയെയും ബി.ജെ.പിയെയും തമ്മില്‍ അടുപ്പിച്ച്‌ നിര്‍ത്തിയിരിക്കുന്നത്.


യാക്കോബായ സഭ - ഓര്‍ത്തഡോക്‌സ് സഭ തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന നിലപാടാണ് ബി.ജെ.പി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ ഈ നിലപാടിനെ തുടര്‍ന്നാണ് ഇപ്പോള്‍ യാക്കോബായ സഭ തര്‍ക്കം പരിഹരിക്കുന്നതില്‍ ബി.ജെ.പി നേതാക്കളെ വിശ്വാസത്തില്‍ എടുത്തിരിക്കുന്നതെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.