മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു: ഇഡിക്കെതിരെ ജഡ്ജിക്ക് സന്ദീപ് നായരുടെ കത്ത്

 മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു:  ഇഡിക്കെതിരെ ജഡ്ജിക്ക് സന്ദീപ് നായരുടെ കത്ത്

കൊച്ചി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സ്വര്‍ണക്കടത്തുകേസിലെ പ്രതി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജഡ്ജിക്ക് കത്ത് അയച്ചു. കേസില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് നായര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിക്ക് കത്തയയച്ചത്.

മന്ത്രിമാരുടെയും ഉന്നത നേതാക്കളുടെയും പേരു പറഞ്ഞാല്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞു. ഒരു ഉന്നത നേതാവിന്റെ മകന്റെ പേര് പറയാനും നിര്‍ബന്ധിച്ചു. തനിക്ക് അറിയാത്ത ഒരു കമ്പനിയില്‍ ഇവര്‍ക്ക് നിക്ഷേപമുണ്ടെന്ന് പറയാനും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി.

ഇഡി ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണനാണ് സമ്മര്‍ദ്ദം ചെലുത്തിയത്. സ്വര്‍ണക്കടത്തിലെ പണനിക്ഷേപം ഇഡി അന്വേഷിച്ചില്ല. ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. ജീവന് ഭീഷണിയുണ്ടെന്നും സന്ദീപ് നായര്‍ കത്തില്‍ സൂചിപ്പിച്ചു.

എന്നാല്‍ ഇത് തങ്ങള്‍ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഇതിന് മുമ്പ് പലതവണ കോടതിയില്‍ ഹാജരാക്കിയപ്പോഴും സന്ദീപ് നായര്‍ ഇത്തരത്തിലുള്ള ഒരു കാര്യവും കോടതിയെ അറിയിച്ചിട്ടില്ല. കസ്റ്റഡിയില്‍ കഴിയാന്‍ ആവശ്യപ്പെട്ട പ്രതിയാണ് ഇപ്പോള്‍ ആരോപണവുമായി വരുന്നതെന്നും ഇഡി പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.