ആ കരച്ചില്‍ കണ്ടത് അനേകര്‍; സോഷ്യല്‍മീഡിയ കൈകോര്‍ത്തപ്പോള്‍ ബാബാ കാ ധാബ ഹിറ്റ്

ആ കരച്ചില്‍ കണ്ടത് അനേകര്‍; സോഷ്യല്‍മീഡിയ കൈകോര്‍ത്തപ്പോള്‍ ബാബാ കാ ധാബ ഹിറ്റ്

ഏറെ ജനപ്രിയമായ സോഷ്യല്‍ മീഡിയ ചിലപ്പോഴൊക്കെ ചിലരുടെ മുഖത്ത് പുഞ്ചിരി സമ്മാനിക്കാറുമുണ്ട്. അത്തരമൊരു സംഭവമാണ് ശ്രദ്ധ നേടുന്നത്. സോഷ്യല്‍മീഡിയ ഉപയോഗ്താക്കളുടെ ഉള്ളു തൊട്ട ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബാബാ കാ ധാബ എന്ന പേരില്‍ ഭക്ഷണശാല നടത്തുന്ന വൃത്തദമ്പതികളുടേതായിരുന്നു ഈ വീഡിയോ.  

കൊവിഡ് കാലം തീര്‍ത്ത പ്രതിസന്ധിയുടെ തീവ്രത എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്ന വീഡിയോ വളരെ വേഗമാണ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയത്. ചില പത്ത് രൂപ നോട്ടുകള്‍ മാത്രമായിരുന്നു ഈ ദമ്പതികള്‍ക്ക് ഒരു ദിവസം കിട്ടുന്ന വരുമാനം. അതും പകലന്തിയോളം അധ്വാനിച്ചിട്ട്. എന്നാല്‍ വീഡിയോ വൈറലായതോടെ നിരവധിപ്പേര്‍ ബാബാ കാ ധാബയില്‍ എത്തി തുടങ്ങി.  

കാന്താപ്രസാദും ഭാര്യയും ചേര്‍ന്നാണ് ബാബാ കാ ധാബ എന്ന പേരില്‍ കച്ചവടം നടത്തുന്നത്. മുപ്പത് വര്‍ഷത്തിലേറെയായി ഇവര്‍ കച്ചവടം തുടങ്ങിയിട്ട്. അതും ലാഭക്കൊതിയില്ലാതെ മറ്റുള്ളവരുടെ മനസ്സും വയറും നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ. എന്നാല്‍ സാമ്പത്തിക ലാഭം ലക്ഷ്യം വയ്ക്കാതെ കച്ചവടം നടത്തിയ ഇവരെ കൊവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരുന്നു.  

ഇവരുടെ കടയില്‍ രാവിലെ ഒമ്പതരയോടെ ഭക്ഷണം എല്ലാം പാകമാകും. ചോറും കറികളും ഉള്‍പ്പെടെ. മുപ്പത് മുതല്‍ അമ്പത് പേര്‍ക്ക് വരെ എന്ന കണക്കിലാണ് പാചകം. കഴിഞ്ഞ ദിവസം വരം ഇതില്‍ നിന്നും കിട്ടുന്ന വരുമാനമോ കുറച്ച് പത്തുരൂപാ നോട്ടുകള്‍ മാത്രം. അത് അവരുടെ നിത്യചിലവിന് പോലും തികയില്ല. വസുന്ധര ശര്‍മ്മ എന്ന യുവതിയാണ് ഇരുവരുടേയും അവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയത്.  

എണ്‍പതുകാരനായ കാന്താപ്രസാദ് തന്റെ അവസ്ഥയെക്കുറിച്ച് നിറകണ്ണുകളോടെ സംസാരിക്കുന്ന വീഡിയോ നിരവധിപ്പേര്‍ ഏറ്റെടുത്തു. വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് സഹായവുമായെത്തിയത്. ബോളിവുഡ് ചലച്ചിത്ര താരങ്ങളായ സോനം കപൂര്‍, സുനില്‍ ഷെട്ടി, രവീണ ടണ്ഠന്‍, ക്രിക്കറ്റ്താരം ആര്‍ അശ്വിന്‍ എന്നിവര്‍ വീഡിയോ പങ്കുവെച്ചു. നിരവധിപ്പേര്‍ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. കടയില്‍ ആളുകള്‍ എത്തി തുടങ്ങിയതോടെ ഈ വൃദ്ധ ദമ്പതികളുടെ മുഖത്ത് ചിരി നിറയുന്നു.  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.