നേമത്തിനായി നേര്‍ച്ച തുടങ്ങി; കോണ്‍ഗ്രസ് ജയിച്ചാല്‍ മകളുടെ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് 'നേമം' എന്ന് പേരിടുമെന്ന് എഐസിസി സെക്രട്ടറി

നേമത്തിനായി നേര്‍ച്ച തുടങ്ങി; കോണ്‍ഗ്രസ് ജയിച്ചാല്‍ മകളുടെ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് 'നേമം' എന്ന് പേരിടുമെന്ന് എഐസിസി സെക്രട്ടറി

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും താരമൂല്യമുള്ള മണ്ഡലമായി മാറുകയാണ് നേമം. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ദേശീയ തലത്തില്‍ തന്നെ നേമം ശ്രദ്ധാ കേന്ദ്രമായി. നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചാല്‍ തന്റെ മകളുടെ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് 'നേമം' എന്ന് പേരിടുമെന്നാണ് കോണ്‍ഗ്രസിന്റെ തെക്കന്‍ ജില്ലകളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിന്റെ വാഗ്ദാനം.

എന്നാല്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ തുടങ്ങി ആരെ ഇറക്കിയാലും പണിയെടുക്കാതെ നേമത്ത് കോണ്‍ഗ്രസിന് വിജയിക്കാനാകില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. ബൂത്ത് കമ്മിറ്റികള്‍ പോലുമില്ലാത്ത നേമത്ത് ജയിച്ചു കയറുകയെന്നത് കോണ്‍ഗ്രസിന് എളുപ്പമല്ല. ഒട്ടുമിക്ക വാര്‍ഡ് കമ്മിറ്റികളും കാര്യക്ഷമമല്ല. കഴിഞ്ഞ ബൂത്ത് പുന:സംഘടനയില്‍ എക്സിക്യൂട്ടീവ് അംഗങ്ങളെ തികയ്ക്കാന്‍ തന്നെ പ്രാദേശിക നേതാക്കള്‍ നന്നേ പാട്‌പെട്ടു. മണ്ഡലത്തിലെ ഭൂരിപക്ഷം പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകരുമായും വോട്ടര്‍മാരുമായും അടുത്ത ബന്ധം പോലുമില്ല.

തദ്ദേശ തിരഞ്ഞെടുപ്പിലടക്കം നേമം സീറ്റ് ലക്ഷ്യമിട്ട് മണ്ഡലത്തില്‍ മുന്നണിയെ മുന്നില്‍ നിന്ന് നയിച്ച വിജയന്‍ തോമസ് സീറ്റ് നല്‍കാത്തതിനാല്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. മണ്ഡലത്തിലെ പരമ്പരഗത കോണ്‍ഗ്രസ് കുടുംബങ്ങളില്‍ ഭൂരിപക്ഷവും ബിജെപിയിലേക്ക് ചേക്കേറി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 21 വാര്‍ഡുകളില്‍ ഒന്നുപോലും നേടാന്‍ കോണ്‍ഗ്രസിനായിട്ടില്ല. പലയിടത്തും മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 13860 വോട്ടുകള്‍ മാത്രമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ പിന്നില്‍ പോയ ഏക മണ്ഡലവും നേമമാണ്. തരൂര്‍ വന്‍ജയം നേടിയപ്പോള്‍ പോലും നേമത്ത് ബിജെപിയേക്കാള്‍ പന്ത്രണ്ടായിരം വോട്ടിന് പിന്നിലായിരുന്നു കോണ്‍ഗ്രസ്. 2014ല്‍ ഇത് പതിനെണ്ണായിരത്തിലധികമായിരുന്നു.

എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങേണ്ട സംസ്ഥാന നേതാവ് നേമത്ത് മത്സരിച്ചാല്‍ മുഴുവന്‍ സമയവും മണ്ഡലത്തില്‍ മാത്രമായി ഒതുങ്ങേണ്ടി വരും. ഇത് കോണ്‍ഗ്രസിന്റെ സംസ്ഥാനമൊട്ടാകെയുളള പ്രചാരണത്തെ തന്നെ ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. തോല്‍വി മണത്താല്‍ എതിരാളികള്‍ ക്രോസ് വോട്ടിനും മടിക്കില്ല. ഉമ്മന്‍ ചാണ്ടി മാറിയാല്‍ പുതുപ്പളളി നഷ്ടപ്പെടുമൊയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

ശക്തികേന്ദ്രമായ നേമത്ത് ബിജെപിയുടെ മുന്നേറ്റം തടയാനായാല്‍ 140 മണ്ഡലങ്ങളിലും പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലും അത് പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. കോണ്‍ഗ്രസ് ബിജെപി രഹസ്യബാന്ധവമെന്ന സിപിഎമ്മിന്റ പതിവ് ആക്ഷേപത്തിന്റ മുനയൊടിക്കാനും ഇതുവഴി സാധിക്കും. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ കഴിയൂവെന്ന സന്ദേശവും പാര്‍ട്ടിക്ക് നല്‍കാന്‍ സാധിക്കും. അത് സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും നേതാക്കള്‍ കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.