ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കവേ നേമം മണ്ഡലത്തില്‍ വീണ്ടും ട്വിസ്റ്റ്. ബിജെപിയില്‍ നിന്നും മണ്ഡലം തിരിച്ചു പിടിക്കാന്‍ തിരുവനന്തപുരം എം പി ശശി തരൂരിനെ ഇറക്കാന്‍ കോണ്‍ഗ്രസില്‍ പുതിയ ആലോചന. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കിടെ രാഹുല്‍ ഗാന്ധിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം അനുകൂലമല്ല.
കേരളത്തില്‍ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കോണ്‍ഗ്രസ് ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നുവെന്ന പ്രതിച്ഛായ സംസ്ഥാനത്ത് ഉടനീളം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. അതിനാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയോ നേമത്ത് സ്ഥാനാര്‍ഥിയാവണമെന്നും നിര്‍ദേശം ഉയര്‍ന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടുപോവുന്നതിനിടെയാണ് രാഹുല്‍ തരൂരിന്റെ പേര് നിര്‍ദേശിച്ചത്.
തരൂര്‍ നേമത്ത് മത്സരിക്കുന്നത് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് ഗുണമാവുമെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നത് കോണ്‍ഗ്രസാണെന്ന സന്ദേശം നല്‍കാന്‍ തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ആവുമെന്നാണ് രാഹുലിന്റെ വാദം. ഇതോടൊപ്പം കേരളത്തിലെ ഗ്രൂപ്പ് അതിപ്രസരത്തിന് ഒരുപരിധി വരെ തടയിടാനാവുമെന്നും രാഹുല്‍ കണക്കുകൂട്ടുന്നു.
സംസ്ഥാന കോണ്‍ഗ്രസിലെ പ്രബലമായ രണ്ടു ഗ്രൂപ്പുകളും തരൂരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ അനുകൂലിച്ചിട്ടില്ല. എന്നാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് ഇതില്‍ എതിര്‍പ്പില്ല. നേമത്ത് പ്രശസ്തനും പൊതു സമ്മതനുമായ സ്ഥാനാര്‍ത്ഥി ഉണ്ടാവുമെന്ന് മുല്ലപ്പളളി പറഞ്ഞത് തരൂരിനെ മനസില്‍ കണ്ടാണെന്നും വിലയിരുത്തലുകളുണ്ട്.
എ.കെ ആന്റണിയും രാഹുലിന്റെ വാദത്തോട് യോജിച്ചെന്നാണ് വിവരം. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ നേമം ഒഴിച്ചിട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.