വാക്കുകൾ മുറിഞ്ഞു; യാത്രയയപ്പ് ചടങ്ങിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര വികാരാധീനയായി

വാക്കുകൾ മുറിഞ്ഞു; യാത്രയയപ്പ് ചടങ്ങിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര വികാരാധീനയായി

ന്യൂഡൽഹി: "അതീവ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് ഞാൻ ഈ  കോടതിയിൽ നിന്നിറങ്ങുന്നത്'.  സുപ്രീം കോടതിയിലെ തന്റെ അവസാന പ്രവര്‍ത്തിദിനത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ച  ജസ്റ്റിസ് ഇന്ദു മൽഹോത്ര വികാരധീനയായി, വാക്കുകൾ മുറിഞ്ഞു. ശബരിമല യുവതീ പ്രവേശനം, പത്മനാഭ സ്വാമി ക്ഷേത്രക്കേസ് എന്നിവയിലടക്കം സുപ്രധാന വിധികളിൽ സുപ്രീംകോടതി ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്ര. ശബരിമല കേസിൽ യുവതീ പ്രവേശനത്തെ എതിർത്താണ്  അവർ ശ്രദ്ധ നേടിയത്. നാളെയാണ് ഇന്ദു മൽഹോത്ര വിരമിക്കുന്നത്. ഇതോടനുബന്ധിച്ചു നടത്തിയ യാത്രയയപ്പ് ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, അറ്റോര്‍ണി ജനറല്‍ അടക്കമുള്ളവർ അഭിനന്ദനങ്ങളുമായെത്തി.  

ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർത്ത് ഭിന്നവിധിയെഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയെ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പ്രശംസിച്ചു. ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിക്കണം എന്ന സന്ദേശം ഭിന്ന വിധിയിലൂടെ സഹജഡ്ജിമാർക്ക് നൽകിയ ജഡ്ജിയാണ് ഇന്ദു മൽഹോത്രയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദുവിനേക്കാള്‍ മികച്ച ഒരു ജഡ്ജിയെ താന്‍ കണ്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. കേസിൽ ഭിന്നവിധി എഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ സത്യസന്ധതയും ആത്മാർത്ഥതയും അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതിയിലെ അവസാന പ്രവർത്തി ദിവസം ജസ്റ്റിസ് എസ്എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഭാഗമായിരുന്നു ഇന്ദു മൽഹോത്ര.

തന്റെ കഴിവിന്റെ പരമാവധി ജുഡീഷ്യൽ വ്യവസ്ഥ മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് ഇന്ദു മൽഹോത്ര പറഞ്ഞു. പ്രസംഗത്തിനിടെ വികാരാധീനയായതിനെ തുടർന്ന് പ്രസംഗം പൂർത്തിയാക്കാൻ അവർക്കു  കഴിഞ്ഞില്ല. 
ശബരിമലയിലെ യുവതീ പ്രവേശനത്തെ ആദ്യം എതിർത്തത്  ബഞ്ചിലുണ്ടായിരുന്ന ഏക വനിതാ ജഡ്ജി ഇന്ദു മൽഹോത്രയായിരുന്നു. 2018 ഏപ്രില്‍ 27-നാണ് ഇന്ദു മൽഹോത്ര സുപ്രീംകോടതി ജഡ്ജിയായത്. ആദ്യമായാണ് ഒരു വനിതാ അഭിഭാഷകയെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയാക്കിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.