കോവിഡും അതിജീവിച്ച് മലയാളിക്കുടിയന്‍മാര്‍; പത്ത് മാസംകൊണ്ട് അകത്താക്കിയത് 10,340 കോടിയുടെ മദ്യം!!

കോവിഡും അതിജീവിച്ച് മലയാളിക്കുടിയന്‍മാര്‍;  പത്ത് മാസംകൊണ്ട് അകത്താക്കിയത് 10,340 കോടിയുടെ മദ്യം!!

കൊച്ചി: മഹാമാരിക്കും മലയാളികളുടെ മദ്യപാന ശീലത്തെ മാറ്റാനായില്ല. കോവിഡ് കാലത്ത് മലയാളികള്‍ അകത്താക്കിയത് 10,340 കോടി രൂപയുടെ മദ്യം! 2020 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരിവരെയുള്ള വെറും പത്ത് മാസത്തെ കണക്കാണിത്. ലോക്ഡൗണിനെ തുടര്‍ന്ന് ബാറുകള്‍ ഏറെനാള്‍ അടഞ്ഞുകിടന്നിട്ടും മലയാളി പതിവുപോലെ മദ്യം അകത്താക്കി.

'ആനമയക്കി, പോസ്‌റ്റേല്‍ ചാരി, നാണം കുണുങ്ങി' എന്നിങ്ങനെ വിവിധ ബ്രാന്‍ഡുകളില്‍ പുറത്തിറങ്ങിയ നാടന്‍ വാറ്റ് ചാരായമാണ് അന്നൊക്കെ മലയാളികളെ പിടിച്ചു നിര്‍ത്തിയത്. കോടികളുടെ വാറ്റ് ചാരായ വില്‍പ്പനയ്ക്ക് ഔദ്യോഗിക രേഖകളോ കണക്കുകളോ ഇല്ല.

കോവിഡ് മൂലം നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടും ലക്ഷക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടിട്ടും 'വെള്ളമടിയ്ക്ക'് യാതൊരു കുറവും വന്നില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് ഭീഷണി ഇല്ലാതിരുന്ന 2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെ 14,700 കോടിയുടെ മദ്യമാണ് മലയാളിക്കുടിയന്‍മാര്‍ ഉപയോഗിച്ചത്.

2016 ഏപ്രില്‍ മുതല്‍ 2021 ജനുവരിവരെ 64,627 കോടി രൂപയുടെ മദ്യം വിറ്റുവെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികരത്തിലിരുന്ന 2011 ഏപ്രില്‍ മുതല്‍ 2015 മാര്‍ച്ചുവരെ വിറ്റത് 47,624 കോടിയുടെ മദ്യമായിരുന്നു. പിണറായി സര്‍ക്കാര്‍ അധികരത്തില്‍ വന്നശേഷം ആറുതവണ മദ്യത്തിന്റെ വില വര്‍ധിപ്പിച്ചു.

ഇതില്‍ മൂന്നുതവണ വില്‍പ്പന നികുതിയിനത്തിലും ഒരുതവണ എക്സൈസ് ഡ്യൂട്ടി ഇനത്തിലുമാണ് വില വര്‍ധിപ്പിച്ചത്. എക്സൈസ് ഡ്യൂട്ടി ഇനത്തിലുള്ള വര്‍ധന 2018 ഓഗസ്റ്റ് മുതല്‍ 100 ദിവസത്തേക്കായിരുന്നു. രണ്ടുതവണ മദ്യവിതരണ കമ്പനികള്‍ക്കുള്ള വിലയിനത്തിലുമാണ് വര്‍ധന.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ 29 ബാറുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, 2019 ഒക്ടോബര്‍ 14 വരെ 540 ബാറുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പിണറായി സര്‍ക്കാര്‍ 200 ഹോട്ടലുകള്‍ക്ക് പുതിയതായി ബാര്‍ ലൈസന്‍സ് നല്‍കിയെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഒമ്പത് ക്ലബ്ബുകള്‍ക്കും ഈ കാലയളവില്‍ മദ്യം വിളമ്പാന്‍ ലൈസന്‍സ് നല്‍കി.

മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരുമെന്നായിരുന്നു ഇടതുപക്ഷം 2016-ല്‍ അധികാരത്തില്‍വന്നപ്പോള്‍ പറഞ്ഞത്. എന്നാല്‍, സംഭവിച്ചത് മറിച്ചാണ്. 2016-17 ല്‍ 12,142 കോടി രൂപയുടെ മദ്യം വിറ്റ പിണറായി സര്‍ക്കാര്‍ 2017-18 ല്‍ 12,937 കോടി, 2018-19 ല്‍ 14,508 കോടി, 2019-20 ല്‍ 14,700 കോടി, 2020-21 ജനുവരി വരെ 10,340 കോടി എന്നിങ്ങനെയാണ് മദ്യ വില്‍പ്പന പൊടിപൊടിച്ചത്.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.