തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് യശ്വന്ത് സിന്‍ഹയുടെ 'സര്‍പ്രൈസ് എന്‍ട്രി'; ഇത് ബിജെപിക്ക് മമതയുടെ വക 'ഷോക് ട്രീറ്റ്‌മെന്റ്'

തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് യശ്വന്ത് സിന്‍ഹയുടെ 'സര്‍പ്രൈസ് എന്‍ട്രി';  ഇത് ബിജെപിക്ക് മമതയുടെ വക 'ഷോക് ട്രീറ്റ്‌മെന്റ്'

കൊല്‍ക്കത്ത: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായ പശ്ചിമ ബംഗാളില്‍ ബിജെപിയെ ഞെട്ടിച്ച് മമതയുടെ രാഷ്ട്രീയ നീക്കം. മുതിര്‍ന്ന മുന്‍ ബിജെപി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹയെ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിച്ചാണ് മമതാ ബാനര്‍ജി ബിജെപിയെ കിടുക്കിയത്.

ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെയാണ് മമതയ്ക്ക് കരുത്ത് പകര്‍ന്ന് യശ്വന്ത് സിന്‍ഹയുടെ തൃണമൂല്‍ പ്രവേശനം. കൊല്‍ക്കത്തയില്‍ തൃണമൂല്‍ നേതാക്കളായ ഡെറിക് ഒബ്രൈന്‍, സുദീപ് ബന്ധോപധ്യായ, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിന്‍ഹ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

രാജ്യം ഇന്ന് അഭൂതപൂര്‍വമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണന്ന് പറഞ്ഞ സിന്‍ഹ ജനാധിപത്യത്തിന്റെ ശക്തി ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തിയിലാണന്നും ജുഡീഷ്യറി ഉള്‍പ്പെടെ ഈ സ്ഥാപനങ്ങളെല്ലാം ഇപ്പോള്‍ ദുര്‍ബലമായെന്നും പറഞ്ഞു.സര്‍ക്കാരിന്റെ തെറ്റുകളെ തടയാന്‍ ആരുമില്ല. അടല്‍ജിയുടെ കാലത്ത് ബിജെപി ഭൂരിപക്ഷാഭിപ്രായത്തെ വിലയ്‌ക്കെടുത്തിരുന്നു. ഇന്നത്തെ സര്‍ക്കാര്‍ എല്ലാവരേയും തകര്‍ക്കാനും ജയിക്കാനുമാണ് നോക്കുന്നത്. അകാലികള്‍, ബിജെഡി എല്ലാവരും ബിജെപി വിട്ടു. ഇന്ന് ആരാണ് ബിജെപിക്കൊപ്പം നില്‍ക്കുന്നതെന്ന് സിന്‍ഹ ചോദിച്ചു.

ബിജെപിക്കെതിരെ കഴിഞ്ഞ ദിവസം സിന്‍ഹ കടന്നാക്രമണം നടത്തിയിരുന്നു. പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്ന മമതയോട് സഹതാപം കാണിക്കുന്നതിന് പകരം അവരെ പരിഹരിസിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് സിന്‍ഹ ട്വീറ്റ് ചെയ്തിരുന്നു. 1998 മുതല്‍ 2002വരെ വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു യശ്വന്ത് സിന്‍ഹ. പിന്നീട് വിദേശകാര്യമന്ത്രിയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവുമായി ഇടഞ്ഞ് 2018 ലാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.