ഗള്‍ഫില്‍ വീണ്ടും ആക്രമണം; വാഗ്ദാന ലംഘനമെന്ന് യുഎഇ: ഇറാനുമായുള്ള കരാര്‍ അവസാനിച്ചെന്ന് ട്രംപ്, ഭീതിയൊഴിയാതെ പശ്ചിമേഷ്യ

ഗള്‍ഫില്‍ വീണ്ടും ആക്രമണം; വാഗ്ദാന ലംഘനമെന്ന് യുഎഇ: ഇറാനുമായുള്ള കരാര്‍ അവസാനിച്ചെന്ന് ട്രംപ്, ഭീതിയൊഴിയാതെ പശ്ചിമേഷ്യ

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സൈനിക സംഘര്‍ഷം വീണ്ടും കടുത്തതോടെ ഇറാനുമായി ഒപ്പുവെച്ച താല്‍ക്കാലിക ധാരണാ പത്രം അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തുര്‍ക്കിയിലെ അങ്കാറയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

'ഇനി അവരുമായി ചര്‍ച്ച നടത്തുന്നത് വെറും സമയ നഷ്ടമാണ്. ആ ക്യാന്‍സര്‍ നമ്മള്‍ തുടക്കത്തിലേ മുറിച്ചു മാറ്റേണ്ടതായിരുന്നു. എനിക്ക് ഇപ്പോള്‍ തോന്നുന്നതും അതു തന്നെയാണ്'- ട്രംപ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം തടസപ്പെടുത്തുകയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ചെയ്ത ഇറാന്റെ നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ട്രംപ്, നയതന്ത്ര ചര്‍ച്ചകള്‍ക്ക് പകരം സ്വന്തം രീതിയില്‍ യുഎസ് മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്‍കി. പുതിയ സംഭവ വികാസങ്ങളോടെ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ഉടമ്പടികള്‍ പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലെത്തി.

അതേസമയം പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. മുന്‍പ് ഒപ്പുവെച്ച കരാറുകള്‍ അമേരിക്ക ലംഘിച്ചതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ദക്ഷിണ ഇറാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളും ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനവുമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. ഇതോടൊപ്പം ലെബനനില്‍ യുദ്ധ തുടരുകയും ചെയ്തോടെ മുന്‍പ് ഉണ്ടാക്കിയ സമാധാന ഉടമ്പടിയുടെ അടിസ്ഥാന ശിലകള്‍ തകര്‍ന്നതായി ഇറാന്‍ വ്യക്തമാക്കി.

അതിനിടെ അമേരിക്ക ഇറാനില്‍ എണ്‍പതിലധികം വ്യോമാക്രമണങ്ങള്‍ നടത്തി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള ശിക്ഷയാണ് പുതിയ സൈനിക നടപടിയെന്നാണ് ഇതു സംബന്ധിച്ച അമേരിക്കയുടെ പ്രതികരണം.

അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ബഹറിനിലും കുവൈറ്റിലുമുള്ള 85 യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇതോടെ ഇരു രാജ്യങ്ങളിലും അപായ സൈറണുകള്‍ മുഴങ്ങി.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. സംഘര്‍ഷം ലഘൂകരിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ ഇറാന് സാധിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. ഖത്തര്‍, സൗദി അറേബ്യ കപ്പലുകള്‍ക്ക് നേരെ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചുണ്ടായ ആക്രമണങ്ങള്‍ ഇതിന് തെളിവാണെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേശകന്‍ അന്‍വര്‍ ഗര്‍ഗാഷ് എക്സിലൂടെ പ്രതികരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.