കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയത്തിന് നേരെ അക്രമികളുടെ ക്രൂരമായ ആക്രമണം. സുഭാഷ് ഗ്രാമത്തിലുള്ള മിസോ സിനഡ പള്ളിക്ക് നേരെയാണ് ഒരു സംഘം ആളുകൾ അക്രമം അഴിച്ചുവിട്ടത്.
പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് സംഘടിച്ചെത്തിയ അക്രമികൾ പള്ളിയുടെ നിർമ്മാണ സാമഗ്രികളും ജനൽ ചില്ലകളും ബലിപീഠവും സംഗീത ഉപകരണങ്ങളും അടിച്ചുതകർത്തു. പള്ളിയിൽ സ്ഥാപിച്ചിരുന്ന കുരിശുകളും അക്രമികൾ പൂർണമായും നശിപ്പിച്ചതായാണ് റിപ്പോർട്ട്.
ഈ സംഭവം പ്രദേശത്തെ ക്രൈസ്തവ സമൂഹത്തെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റു പലയിടങ്ങളിലും ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് നേരെയുണ്ടായ സമാനമായ ആക്രമണങ്ങൾ മതസൗഹാർദത്തിന് വലിയ ഭീഷണിയാണെന്ന് ക്രൈസ്തവ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു.
ആരാധനാലയത്തിന് നേരെയുണ്ടായ അക്രമത്തിൽ ശക്തമായ പ്രതിഷേധവുമായി സഭാ നേതൃത്വവും പ്രാദേശിക നിവാസികളും രംഗത്തെത്തിയിട്ടുണ്ട്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രദേശത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.