ഭുവനേശ്വര്‍: ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയ്ന്‍സിനേയും രണ്ട് മക്കളേയും വാഹനത്തില്‍ പൂട്ടിയിട്ട് ജീവനോടെ ചുട്ടെരിച്ച കേസില്‍ മുഖ്യ പ്രതിയും ബജ്രംഗ് ദള്‍ പ്രവര്‍ത്തകനുമാായിരുന്ന ദാരസിങ് ജയില്‍ മോചിതനാവുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒഡിഷ സര്‍ക്കാര്‍ ജയില്‍ മോചിതരാക്കുന്നവരില്‍ ദാരാസിങിന്റെ പേരും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
26 വര്‍ഷത്തിലേറെയായി താന്‍ ജയിലിലാണെന്നും തന്റെ മുന്‍കാല പ്രവൃത്തികളില്‍ പശ്ചാത്താപമുണ്ടെന്നും കാണിച്ച് ദാരാ സിങ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇയാളുടെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒഡീഷ സര്‍ക്കാരിന്റെ സ്‌ക്രീനിങ് കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഓഗസ്റ്റ് 19 ന് വാദം കേള്‍ക്കും.
1999 ജനുവരി 22 ന് ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലുള്ള മനോഹര്‍പുര്‍ ഗ്രാമത്തില്‍ വെച്ചാണ് ഓസ്‌ട്രേലിയന്‍ മിഷനറിയായ ഗ്രഹാം സ്റ്റെയ്ന്‍സിനെയും അദേഹത്തിന്റെ മക്കളായ പത്തുവയസുകാരന്‍ ഫിലിപ്പിനെയും ആറുവയസുള്ള തിമോത്തിയെയും ജീവനോടെ ചുട്ടുകൊന്നത്. സ്റ്റേഷന്‍ വാഗണില്‍ ഉറങ്ങുന്നതിനിടെ ദാരാസിങിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം വാഹനം വളയുകയും തീയിടുകയുമായിരുന്നു.
ദാരാസിങ് എന്നറിയപ്പെടുന്ന രവീന്ദ്ര പാല്‍ ആണ് ഈ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രധാന പ്രതി. നിലവില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. കേസിലെ മറ്റൊരു പ്രതിയായിരുന്ന മഹേന്ദ്ര ഹെംബ്രമിനെ 25 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 2025 ഏപ്രിലില്‍ മോചിപ്പിച്ചിരുന്നു.
മുന്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ ധാരാ സിങിന് ഇപ്പോള്‍ 62 വയസുണ്ട്. ഉത്തര്‍പ്രദേശിലെ ഔരയ്യ ജില്ല സ്വദേശിയായ ദാരാസിങ് നിലവില്‍ ഒഡിഷയിലെ കിയോഞ്ജര്‍ ജയിലിലാണ് കഴിയുന്നത്. സ്റ്റെയിന്‍സ് കൊലക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 18 പ്രതികളാണുണ്ടായിരുന്നത്.
2003 ല്‍ വിചാരണ കോടതി ദാരാ സിങിനും മറ്റ് 12 പേര്‍ക്കും ശിക്ഷ വിധിച്ചു. ദാരാ സിംങിന് വധ ശിക്ഷയും ബാക്കിയുള്ളവര്‍ക്ക് ജീവപര്യന്തവുമായിരുന്നു ശിക്ഷ. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഒഡിഷ ഹൈക്കോടതി ഹെംബ്രാമിന്റെ ജീവപര്യന്തം ശരി വെക്കുകയും ബാക്കി പ്രതികളെ വെറുതെ വിടുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.