തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വന്‍തോതില്‍ കുറഞ്ഞതോടെ വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളിലെ ജലനിരപ്പ് ആശങ്കാജനകമാംവിധം താഴ്ന്നു. നിലവില്‍ എല്ലാ സംഭരണികളിലുമായി വെറും 29 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഇതേ സാഹചര്യം തുടരുകയാണെങ്കില്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് സൂചന.
പ്രതിസന്ധി മറികടക്കാന്‍ ഇപ്പോള്‍ നിലവിലുള്ള ലോഡ് ഷെഡിങ് സമയപരിധി നീട്ടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് ആലോചിക്കുന്നുണ്ട്. ആഭ്യന്തര ഉല്‍പാദനത്തിലെ വന്‍ ഇടിവിന് പുറമേ പുറത്ത് നിന്ന് വൈദ്യുതി എത്തിക്കുന്നതിലുണ്ടായ സാങ്കേതിക തടസങ്ങളും കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മഴ കുറഞ്ഞതോടെ സംഭരണികളിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായും നിലച്ച മട്ടാണ്. അതേസമയം ചൂട് കൂടിയതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതോപയോഗം കുതിച്ചുയരുകയും ചെയ്തു. വലിയ പദ്ധതികളായ ഇടുക്കി, ശബരിഗിരി എന്നിവടങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയിലധികം വെള്ളത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇതിന്റെ ഇരട്ടിയിലധികം ജലസംഭരണമുണ്ടായിരുന്നു.
ബുധനാഴ്ച ഉച്ച വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്തെ ആകെ വൈദ്യുതോല്‍പാദനം 16.608 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് 44.221 ദശലക്ഷം യൂണിറ്റായിരുന്നു എന്നതില്‍ നിന്ന് തന്നെ ഉല്‍പാദനത്തിലെ വന്‍ ഇടിവ് വ്യക്തമാണ്. എന്നാല്‍ ഇതേ ദിവസം ഉപയോഗം 88.6419 ദശലക്ഷം യൂണിറ്റായി ഉയരുകയും ചെയ്തു. ഇതില്‍ സിംഹഭാഗവും (68.8148 ദശലക്ഷം യൂണിറ്റ്) വലിയ വില കൊടുത്ത് പുറത്തുനിന്ന് എത്തിച്ചതാണ്.
ഇടുക്കിയില്‍ 5.941 ദശലക്ഷം യൂണിറ്റും ശബരിഗിരിയില്‍ 2.3886 ദശലക്ഷം യൂണിറ്റും മാത്രമാണ് ബുധനാഴ്ച ഉല്‍പാദിപ്പിച്ചത്. ഷോളയാര്‍, ഇടമലയാര്‍, കുണ്ടള തുടങ്ങിയ എ ഗ്രേഡ് പദ്ധതികളിലും സമാനമായ ദയനീയ സ്ഥിതിയാണുള്ളത്. മാട്ടുപ്പട്ടി സംഭരണിയില്‍ ഇപ്പോള്‍ വെറും 10 ശതമാനം വെള്ളം മാത്രമാണുള്ളത്. ശബരിഗിരി പദ്ധതിയെ ആശ്രയിച്ചു കഴിയുന്ന കക്കാട്, അള്ളുങ്കല്‍, കാരിക്കയം, മണിയാര്‍, പെരുനാട് തുടങ്ങിയ ചെറുകിട പദ്ധതികളിലെയും ഉല്‍പാദനം ഇപ്പോള്‍ നാമമാത്രമായി ചുരുങ്ങിയിരിക്കുകയാണ്.
വരും ദിവസങ്ങളില്‍ മഴ എത്തിയില്ലെങ്കില്‍ സംസ്ഥാനം ഇരുട്ടിലാകുമെന്ന ഭീതിയിലാണ് അധികൃതര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.