ജയസാധ്യത പറഞ്ഞ് നടപ്പാക്കിയത് ഗ്രൂപ്പ് താല്‍പര്യം: നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍

 ജയസാധ്യത പറഞ്ഞ് നടപ്പാക്കിയത് ഗ്രൂപ്പ് താല്‍പര്യം:  നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സ്ഥാനാര്‍ഥികളുടെ ജയസാധ്യതയുടെ പേരു പറഞ്ഞ് നേതാക്കള്‍ ഗ്രൂപ്പ് താല്‍പര്യം നടപ്പാക്കിയെന്നും അതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും സുധാകരന്‍ പറഞ്ഞു. ഗ്രൂപ്പില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമെന്നു പറഞ്ഞശേഷം ഗ്രൂപ്പ് നേതാക്കള്‍ അവരവരുടെ അണികള്‍ക്കുവേണ്ടി നിലപാടെടുത്തു.

ഇരിക്കൂര്‍ സീറ്റില്‍ കീഴ്‌വഴക്കവും പാരമ്പര്യവും അനുസരിച്ചുള്ള തീരുമാനം വരണം. എഐസിസി ജനറല്‍ സെക്രട്ടറിയുമായി താന്‍ സംസാരിച്ചിട്ടുണ്ട്. പന്ത് ഇപ്പോള്‍ നേതൃത്വത്തിന്റെ കോര്‍ട്ടിലാണ്. ഗോളടിക്കണോ, പുറത്തടിക്കണോ എന്നു തീരുമാനിക്കേണ്ടത് നേതൃത്വമാണ്. തെറ്റിയാല്‍ എല്ലാം തെറ്റുമെന്നും തീര്‍ന്നാല്‍ എല്ലാം തീരുമെന്നും സുധാകരന്‍ പറഞ്ഞു.

ഇപ്പോഴുണ്ടായതു ചെറിയ കലാപമാണെങ്കിലും അതൊഴിവാക്കേണ്ടതായിരുന്നു. കെപിസിസി നേതൃത്വത്തിന്റെ പരാജയമല്ല, സ്ഥാനാര്‍ഥി നിര്‍ണയം കൈകാര്യം ചെയ്യുന്ന നേതാക്കളുടെ പോരായ്മയാണ് ഇതിനു കാരണം. സന്ദര്‍ഭോചിതമായി പ്രശ്‌നം കൈകാര്യം ചെയ്യാന്‍ അവര്‍ക്കായില്ല.

സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങള്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവരാണ്. അവര്‍ക്കു കേരളത്തിലെ സാഹചര്യം അറിയാത്തതിനാല്‍ സംസ്ഥാന നേതൃത്വത്തെ ആശ്രയിക്കേണ്ടിവന്നു. നേതൃത്വത്തിന് തെറ്റു പറ്റുമ്പോള്‍ സ്‌ക്രീനിങ് കമ്മിറ്റിക്കും തെറ്റു പറ്റും. മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.

വരച്ചവര മാറ്റി വരയ്ക്കാന്‍ തുടങ്ങിയാല്‍ ഒരുപാട് വര മാറ്റിവരയ്‌ക്കേണ്ടിവരുമെന്ന് എംപിമാര്‍ക്ക് ഇളവു നല്‍കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. പക്ഷേ, കെ.മുരളീധരന്‍ മത്സരിക്കുന്നതു വേറെ കാര്യമാണ്. നേമത്ത് ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം വന്നപ്പോള്‍ അദ്ദേഹം സന്നദ്ധനായതാണ്. കോണ്‍ഗ്രസില്‍നിന്നു ബിജെപിയില്‍ പോകുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. വലയിട്ടു പിടിക്കുന്ന രാഷ്ട്രീയ നയമാണു ബിജെപിയുടേത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ്.പി.ഷുഹൈബിന്റെ രക്തസാക്ഷിത്വമുണ്ടായ മട്ടന്നൂര്‍ മണ്ഡലം ആര്‍എസ്പിക്കു കൊടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു. ആ തീരുമാനം വേണ്ടിയിരുന്നില്ല. തീരുമാനം സംസ്ഥാന നേതൃത്വം അടിച്ചേല്‍പിക്കുകയായിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തോടൊ, ജില്ലയില്‍നിന്നുള്ള കെപിസിസി വര്‍ക്കിങ് പ്രസിഡന്റായ തന്നോടോ ചോദിക്കാതെയാണ് തീരുമാനമെടുത്തതെന്നും സുധാകരന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.