കോഴിക്കോട്: ഊന്നുവടിയിൽ മുറുകെപ്പിടിച്ചാണ് തിരുവമ്പാടിയിലെ ഓരോ വോട്ടറെയും ലിന്റോ ജോസഫ് കാണാനെത്തുന്നത്. അവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ മറ്റാരെക്കാളും നന്നായി അത് ഉൾക്കൊള്ളാൻ ലിന്റോയ്ക്കാകും. കാരണം സങ്കടങ്ങളോട് പൊരുതി ജയിച്ചാണ് ലിന്റോ ജോസഫ് സ്ഥാനാർഥിയുടെ വേഷമണിയുന്നത്.
തിരുവമ്പാടിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫിൻ്റെ കരുത്ത് 28 വയസിനുള്ളിൽ നേടിയ ജീവിതാനുഭവങ്ങളാണ്. ഒരു ജീവന് താങ്ങായപ്പോഴാണ് ലിന്റോയുടെ ജീവിതം ഊന്നുവടിയിലായത്.
അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുമായി പോയപ്പോഴുണ്ടായ അപകടം ഈ യുവാവിൻ്റെ ജീവിതം കീഴ്മേൽ മറിച്ചു.
2019ലെ പെരുന്നാള്‍ ദിനത്തിലായിരുന്നു അപകടം. വീടിന് സമീപം മാങ്കുന്ന് കോളനിയിലെ കാന്‍സര്‍ രോഗിയായ ബിജുവിന്റെ ആരോഗ്യനില വഷളായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിയന്തരമായി എത്തണം. കൂമ്പാറ ജമാഅത്തിന്റെ ആംബുലന്‍സ് ഉണ്ടെങ്കിലും ഡ്രൈവറില്ല. ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്‌ളോക്ക് ട്രഷറര്‍ ആയിരുന്ന ലിന്റോ ഡ്രൈവര്‍ സീറ്റില്‍ കയറി. മലയോര ഗ്രാമം കഴിഞ്ഞ് വാഹനം മുക്കം ബൈപ്പാസിലെത്തിയപ്പോള്‍ എതിരെ വന്ന ലോറി ഇടിച്ചുകയറുകയായിരുന്നു. കാലിന്റെ മൂന്ന് എല്ലുകളാണ് പൊട്ടിയത്. രണ്ട് ഞരമ്പുകള്‍ കൂടിച്ചേരാത്തതിനാല്‍ ഇനിയും ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടരഞ്ഞി പഞ്ചായത്തിലേക്ക് വിജയിച്ച ലിന്റോ പഞ്ചായത്ത് പ്രസിഡന്റുമായി.
പാലക്കല്‍ ഹൗസില്‍ ജോസഫ് - അന്നമ്മ ദമ്പതികളുടെ ഇളയ മകനാണ് ലിന്റോ. ജോസഫ് പാലക്കാട്ടെ സ്വകാര്യ എസ്റ്റേറ്റില്‍ സൂപ്പര്‍വൈസറാണ്. ഇടുക്കി തങ്കമണിയില്‍ നിന്ന് ആനക്കാംപൊയില്‍ മുത്തപ്പന്‍ പുഴയിലേക്ക് കുടിയേറിയ ലിന്റോ ജോസഫിന്റെ കുടുംബം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറയിലാണ് താമസം.
മികച്ച കായികതാരം കൂടിയാണ് ലിന്റോ. 1500 മീറ്റര്‍ ഓട്ടം, ക്രോസ് കണ്‍ട്രി എന്നിവയില്‍ സംസ്ഥാന ജേതാവ്. 2007 ലെ ഗോവ ദേശീയ മീറ്റില്‍ ക്രോസ് കണ്‍ട്രിയില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെയാണ് കായിക രംഗത്ത് വളര്‍ന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.