പാലാ നഗരസഭയില്‍ ഇടതുപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായി; അധ്യക്ഷ ദിയ ബിനു പുറത്ത്

പാലാ നഗരസഭയില്‍  ഇടതുപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായി; അധ്യക്ഷ ദിയ ബിനു പുറത്ത്

പാലാ: പാലാ നഗരസഭയില്‍ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എതിരില്ലാത്ത 17 വോട്ടിനാണ് പ്രമേയം പാസായത്.

എല്‍ഡിഎഫിലെ 12 പേര്‍ക്കു പുറമെ വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസിലെ നാല് അംഗങ്ങളും കോണ്‍ഗ്രസ് വിമതയായി വിജയിച്ച ഉപാധ്യക്ഷ മായാ രാഹുലും പ്രമേയത്തെ പിന്തുണച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷ ദിയ ബിനു പുറത്തായി.

ടോണി തൈപ്പറമ്പില്‍, ബിജു മാത്യൂസ്, ലിസി കുട്ടി മാത്യു, രജിത പ്രകാശ് എന്നീ കോണ്‍ഗ്രസ് അംഗങ്ങളാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്. റിയ ചീരാംകുഴി, സെബാസ്റ്റ്യന്‍ പനക്കല്‍ എന്നവര്‍ ഹാജരായില്ല. കേരള കോണ്‍ഗ്രസിന്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി കാപ്പന്റെ പാര്‍ട്ടിയായ കെഡിപിയിലെ പ്രിന്‍സി സണ്ണിയും ഹാജരായിരുന്നില്ല.

നഗരസഭാധ്യക്ഷ ദിയാ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും തെറ്റിയതോടെയാണ് പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് പ്രതിസന്ധിയുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

പാലാ നഗരസഭയില്‍ 26 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാന്‍ വേണ്ടത്. എല്‍ഡിഎഫിന് 12 അംഗങ്ങളുണ്ട്. യുഡിഎഫിന് നിലവില്‍ 14 അംഗങ്ങളുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ്- 6 കേരളാ കോണ്‍ഗ്രസ്- 3 സ്വതന്ത്ര മുന്നണി- 3 കെ.ഡി.പി- 1, സ്വതന്ത്രയായി വിജയിച്ച മായാ രാഹുലിന്റെ പിന്തുണ കൂടി ഉള്‍പ്പെടെയാണ് 14 പേരുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.