'17 ചാക്കുകളിലായി 25 കോടി കള്ളപ്പണമെത്തി': ബിജെപിയെ വീണ്ടും വെട്ടിലാക്കി തൃശൂര്‍ മുന്‍ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍

 '17 ചാക്കുകളിലായി 25 കോടി കള്ളപ്പണമെത്തി':  ബിജെപിയെ വീണ്ടും വെട്ടിലാക്കി  തൃശൂര്‍ മുന്‍ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി മറ്റൊരു കള്ളപ്പണ വെളിപ്പെടുത്തല്‍ കൂടി പുറത്തു വന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ തൃശൂര്‍ ഓഫിസിലേക്ക് 17 ചാക്കുകളിലായി 25 കോടിയുടെ കള്ളപ്പണം എത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ഓഫിസ് സെക്രട്ടറി പി. അക്ഷയ് ആണ് രംഗത്ത് വന്നിട്ടുള്ളത്.

സംഘടന സെക്രട്ടറിയുടെ മുറിയിലേക്കാണ് പണം കൊണ്ടു വന്നത്. ഇതു കൂടാതെ തമിഴനാട് രജിസ്‌ട്രേഷനുള്ള കാറില്‍ ഒരു കോടിയും കൊണ്ടു വന്നു. ഈ സാമ്പത്തിക ഇടപാടുകള്‍ അറിഞ്ഞതിന്റെ വൈരാഗ്യത്തിലാണ് തന്നെ ഓഫിസ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയതെന്നും അക്ഷയ് പറയുന്നു.

'തെരഞ്ഞെടുപ്പ് ഫണ്ടിനു പുറമെയാണ് ഓഫിസില്‍ പണം എത്തിയത്. ഈ പണം വ്യക്തികള്‍ കേന്ദ്രീകരിച്ച് കൊള്ളയടിക്കുകയാണ് ചെയ്തത്. സംഘടനാ സെക്രട്ടറിയുടെ മുറിയിലേക്കാണ് പണം എത്തിയത്. അവിടെ വെച്ചു തന്നെയാണ് വിതരണം ചെയ്തതും. ട്രഷറര്‍ക്കോ ഓഫിസ് സെക്രട്ടറിക്കോ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും തന്നില്ല.

ഈ വിവരം തൃശൂര്‍ സിറ്റി പ്രസിഡന്റിനെ അറിയിച്ചതാണ് എന്നെ പുറത്താക്കാനുള്ള കാരണം. സംഘടന സെക്രട്ടറി, അദ്ദേഹത്തിന്റെ ഡ്രൈവര്‍ രാജേഷ്, മുരളി എന്നിവര്‍ മൂന്നു പേരുമാണ് ഈ പണം കൈകാര്യം ചെയ്തത്. ഇതിനായി ഒരു വീട് വാടകക്കെടുത്തു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു രണ്ടു ദിവസം മുമ്പ് തൃശൂര്‍ ജില്ല ഓഫീസിലാണ് പണം എത്തിയത്' - അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു.

കൊടകര കുഴല്‍പണക്കേസിനു പിന്നാലെയാണ് പാര്‍ട്ടിയെ വെട്ടിലാക്കി മറ്റൊരു വെളിപ്പെടുത്തല്‍ കൂടി പുറത്തു വരുന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പ് ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ ദേശീയ പാതയിലൂടെ പോയ കാര്‍ ആക്രമിച്ചു ക്രിമിനല്‍ സംഘം മൂന്നരക്കോടി രൂപ കവര്‍ന്നതാണ് കൊടകര കുഴല്‍പണക്കേസ്. ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനു വേണ്ടി എത്തിച്ച പണമാണ് തട്ടിയെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അതിനിടെ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ബിജെപിയില്‍ രൂക്ഷമാണ്. വ്യക്തി അധിക്ഷേപങ്ങളിലേക്കും പരാതി നല്‍കുന്നതിലേക്കും വരെ എത്തി നില്‍ക്കുകയാണ് തര്‍ക്കങ്ങള്‍. ബി.ജെ.പി ദേശീയ നേതൃത്വത്തിന് മുന്നിലേക്കും പരാതികള്‍ എത്തിയിട്ടുണ്ട്.

എന്നാല്‍ ബിജെപിയിലെ ചില സംസ്ഥാന നേതാക്കളെ ലക്ഷ്യമിട്ടുള്ള അനാവശ്യ വിവാദമാണ് ഫണ്ട് വെട്ടിപ്പ് എന്നപേരില്‍ പ്രചരിക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സെക്രട്ടറി എം.പി. അഞ്ജന തുടങ്ങിയവരെ ലക്ഷ്യമിട്ട് പാര്‍ട്ടി അനുഭാവികളായ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെയും യു ട്യൂബ് ചാനലുകളിലൂടെയും വാര്‍ത്തകളുള്‍പ്പെടെ ചമച്ച് വിടുകയാണെന്നാണ് ചില നേതാക്കള്‍ പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.