തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നാരോപിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പികെ ശ്രീമതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞു.
'ഏതോ ഒരു പി.ആര്‍ കൃഷ്ണന്‍ എന്ന എംഎല്‍എയുടെ ഭാര്യയായിട്ട് ഞാന്‍ അഭിനയിച്ച് എംഎല്‍എ എന്നുള്ള നിലയില്‍ കിട്ടേണ്ടുന്ന ഫാമിലി പെന്‍ഷന്‍ ഞാന്‍ വാങ്ങുന്നു' എന്നാണ് വാര്‍ത്ത. ആ വാര്‍ത്ത അവതരണം ഒക്കെ നിങ്ങളൊന്ന് കേള്‍ക്കണം. പെണ്‍കുട്ടികളാണ് അവതരിപ്പിക്കുന്നത്. കേട്ടാല്‍ വിശ്വസിച്ചു പോകുന്ന വിധത്തിലാണ്. വളരെ വള്‍ഗര്‍ ആയിട്ടാണ് അവതരിപ്പിക്കുന്നത്.
ഇത്തരം അധിക്ഷേപകരവും അടിസ്ഥാന രഹിതവുമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ ശക്തമായ നിയമ നടപടിയും മാനനഷ്ടക്കേസും ഫയല്‍ ചെയ്യുമെന്ന് അവര്‍ പ്രതികരിച്ചു.
വളരെയധികം മനപ്രയാസത്തോടെയാണ് താന്‍ മാധ്യമങ്ങളെ കാണുന്നതെന്ന് പി.കെ ശ്രീമതി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനം ടിവി, ഭാരത് ലൈവ്, കര്‍മ ന്യൂസ് തുടങ്ങിയ ചാനലുകളിലും കണ്ണൂരിലെ 'സുദിനം' എന്ന സായാഹ്ന പത്രത്തിലും തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ തുടര്‍ച്ചയായി പ്രചരിക്കുകയാണ്. തുടക്കത്തില്‍ ഇത് അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ആവര്‍ത്തിച്ച് നല്‍കുന്നത് തുടര്‍ന്നതോടെയാണ് പ്രതികരിക്കാന്‍ നിര്‍ബന്ധിതയായത്.
'അടിയന്തരമായി പ്രതികരിച്ചില്ലെങ്കില്‍ സത്യമാണെന്ന് ആളുകള്‍ കരുതിയേക്കും. വാര്‍ത്തകളുടെ വിഡിയോകളും പത്രത്തിന്റെ കോപ്പികളും ശേഖരിച്ച് നിയമനടപടി സ്വീകരിക്കാന്‍ അഭിഭാഷകന് കൈമാറിയിട്ടുണ്ട്' -അവര്‍ പറഞ്ഞു. രാഷ്ട്രീയ ജീവിതത്തില്‍ എന്നും സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും തുടര്‍ച്ചയായുള്ള ഇത്തരം വ്യക്തിഹത്യകള്‍ താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും വ്യക്തമാക്കിയാണ് പികെ ശ്രീമതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിയത്.
'ഇത്രയും തെറ്റായിട്ടുള്ള, അടിസ്ഥാനരഹിതമായ ഒരു വാര്‍ത്ത. അമ്പത് കൊല്ലമായിട്ട് ഈ സമൂഹത്തില്‍ ഞാന്‍ ഉണ്ട്. എന്നിട്ട് ആ പെണ്‍കുട്ടികള്‍ ഒരു വാക്ക് എന്നോട് ചോദിച്ചുവോ? ഇല്ല.
ആരെങ്കിലും ഇങ്ങനെ ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കാതെ വസ്തുതകള്‍ അടിസ്ഥാന രഹിതമായിട്ട് സമൂഹത്തില്‍ ഒരു പൊതുപ്രവര്‍ത്തകയെ നാറ്റിക്കുക, അപമാനമുണ്ടാക്കുക എന്നുള്ള ദുരുദ്ദേശ്യത്തിലൂടെ അല്ലേ ഇത്. എനിക്കെതിരായ രാഷ്ട്രീയ ശത്രുക്കള്‍ ആരെങ്കിലും ഇതിന് പിന്നില്‍ ഉണ്ടോ എന്നറിയില്ല. കാരണം ഒരുപാട് തവണ പല ഘട്ടങ്ങളിലായിട്ട് ഇത്തരത്തിലുള്ള തെറ്റായിട്ടുള്ള വാര്‍ത്തകള്‍ എനിക്കെതിരെ വന്നിട്ടുണ്ട്' - ശ്രീമതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.