ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തകർപ്പൻ വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 73 റൺസെടുത്ത് പുറത്താവാതെ നിന്നു.

കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തിന് ഇന്ത്യയും ക്യാപ്റ്റൻ വിരാട് കോലിയും പ്രായശ്ചിത്തം ചെയ്തു. കോലി 49 പന്തുകളിൽ നിന്നും 79 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ ഇഷാൻ കിഷൻ അരങ്ങേറ്റ മത്സരത്തിൽ തന്നെ 32 പന്തുകളിൽ നിന്നും 56 റൺസെടുത്തു. സ്കോർ ഇംഗ്ലണ്ട് 20 ഓവറിൽ ആറിന് 164. ഇന്ത്യ 17.5 ഓവറിൽ മൂന്നിന് 166.
ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഇംഗ്ലണ്ടിനൊപ്പമെത്തി (1-1). ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

165 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച അരങ്ങേറ്റ താരം ഇഷാൻ കിഷനും നായകൻ കോലിയും ചേർന്ന് ഇംഗ്ലണ്ട് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ഇരുവരും ചേർന്ന് തകർപ്പൻ ഷോട്ടുകൾ കളിച്ചുതുടങ്ങിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. വെറും ആറോവറിൽ ഇഷാനും കോലിയും ചേർന്ന് ഇന്ത്യൻ സ്കോർ 50 കടത്തി.

എന്നാൽ പത്താം ഓവറിലെ അവസാന പന്തിൽ ആദിൽ റഷീദ് ഇഷാൻ കിഷനെ വിക്കറ്റിന് മുന്നിൽ കുടുക്കി പുറത്താക്കി. 32 പന്തുകളിൽ നിന്നും അഞ്ച് ഫോറുകളുടെയും നാല് സിക്സുകളുടെയും അകമ്പടിയോടെ ഇഷാൻ 56 റൺസെടുത്തു. കോലിയ്ക്കൊപ്പം രണ്ടാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്തശേഷമാണ് താരം ക്രീസ് വിട്ടത്.

അതേസമയം വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ക്യാപ്റ്റൻ കോലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യൻ ക്യാമ്പിന് പ്രതീക്ഷ പകർന്നു. ക്രീസിലെത്തിയ ശ്രേയസ് അയ്യരെ (8) കൂട്ടുപിടിച്ച് കോലി 17.5 ഓവറിൽ അനായാസം ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർ അരങ്ങേറ്റം കുറിച്ചു.
ഇംഗ്ലണ്ടിനായി സാം കറൻ, ക്രിസ് ജോർഡൻ, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45 റൺസെടുത്ത ജേസൺ റോയിയുടെ പ്രകടന മികവിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടൺ സുന്ദർ, ശാർദുൽ ഠാക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.