ലതിക സുഭാഷിനെ ആരും കബളിപ്പിച്ചില്ല; ഉമ്മൻ‌ചാണ്ടി

ലതിക സുഭാഷിനെ ആരും കബളിപ്പിച്ചില്ല; ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷുമായി ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചെന്ന പരാതി ശരിയല്ല. ഏറ്റുമാനൂര്‍ തന്നെ വേണമെന്ന നിലപാടിലായിരുന്നു ലതിക. മറ്റ് സീറ്റ് നല്‍കാമെന്ന ഉപാധി ലതിക സ്വീകരിച്ചില്ല. കബളിപ്പിച്ചത് ആരെന്ന് അവരോട് ചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലതിക സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച്‌ ഒന്നും പറയാനില്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം എല്ലാവരെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ലെന്നും ലതികയുടെ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം ശരിയായില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. പ്രതിഷേധങ്ങളും പരാതികളും സ്വാഭാവികമാണെന്നും എല്ലാം രണ്ട് ദിവസം കൊണ്ട് അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.


സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച പ്രതിഷേധങ്ങള്‍ താത്കാലികം മാത്രമാണ് . കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതില്‍ 50 ശതമാനത്തിലേറെ ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. ഒരുകാലഘട്ടത്തിലും ഇതുപോലൊരു മാറ്റം ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ പൂര്‍ണമായും പ്രതിഫലിപ്പിച്ചാണ് ലിസ്റ്റ് തയാറാക്കിയത്.
ഈ ലിസ്റ്റിന്റെ മേന്മ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലതിക സുഭാഷുമായി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് വൈകിട്ട് ഇതു സംബന്ധിച്ച്‌ പ്രഖ്യാപമുണ്ടായേക്കുമെന്നാണ് സൂചനകൾ . ഇതിന് മുന്നോടിയായി അഭിപ്രായ സ്വരൂപീകരണത്തിന് തന്നോട് അടുപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം ലതിക വിളിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.