പ്രതിഷേധങ്ങള്‍ക്കിടെ തര്‍ക്ക മണ്ഡലങ്ങളില്‍ ചര്‍ച്ച തുടരുന്നു; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

പ്രതിഷേധങ്ങള്‍ക്കിടെ തര്‍ക്ക മണ്ഡലങ്ങളില്‍ ചര്‍ച്ച തുടരുന്നു;  സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം: തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ മാറ്റിവച്ച ആറ് മണ്ഡലങ്ങളില്‍ തീരുമാനമാക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകളിലും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെത്തി നടത്തിയ സമവായ ചര്‍ച്ചകളിലും തീരുമാനമായില്ല. എന്നാല്‍ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിച്ച് ഇന്ന് തന്നെ പ്രഖ്യാപനം നടത്താനാണ് ശ്രമം.
ആര്യാടന്‍ ഷൗക്കത്തിന് പട്ടാമ്പി സീറ്റ് നല്‍കി വി.വി പ്രകാശിനെ നിലമ്പൂരില്‍ മത്സരിപ്പിക്കുയെന്ന ഫോര്‍മുല ആര്യാടന്‍

ഷൗക്കത്ത് പട്ടാമ്പിയിലേക്ക് ഇല്ലെന്ന് അറിയിച്ചതോടെ പാളി.
വട്ടിയൂര്‍കാവിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. കെ.പി അനില്‍കുമാറിന്റെ പേരിന് പകരം പി.സി

വിഷ്ണുനാഥിന്റെ പേര് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതിനെതിരെയും പ്രതിഷേധം ഉണ്ട്. ബിജെപിക്ക് സ്വാധീനം ഉണ്ടെന്ന് വിലയിരുത്തുന്ന മണ്ഡലത്തില്‍ നേമത്തെ പോലെ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന തരത്തില്‍ തുടക്കം മുതലേ ചര്‍ച്ചകള്‍ നിലനിന്നിരുന്ന സ്ഥലം കൂടിയാണ് വട്ടിയൂര്‍കാവ്. എന്നാല്‍, മണ്ഡലത്തിന് പുറത്ത് നിന്ന് എത്തുന്ന സ്ഥാനാര്‍ത്ഥി ആവശ്യമില്ലെന്ന നിലപാട് പ്രാദേശിക നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.

കുണ്ടറയില്‍ മത്സരിക്കുന്നതിന് പകരം കുറച്ചുകൂടി ഭേദപ്പെട്ട സീറ്റെന്ന നിലയിലാണ് വട്ടിയൂര്‍കാവിലേക്ക് പി.സി വിഷുനാഥിന്റെ പേര് പരിഗണിക്കുന്നത്. ലതികാ സുഭാഷിന്റെ പ്രതിഷേധം ഉണ്ടാക്കിയ ഞെട്ടല്‍ അടക്കം കണക്കിലെടുത്ത് സ്ത്രീ പ്രാതിനിധ്യം കൂട്ടാനുള്ള ചര്‍ച്ചകളും സജീവമാണ്. അങ്ങനെ എങ്കില്‍ ജ്യോതി വിജയകുമാറിന്റെ പേര് അടക്കം പരിഗണിക്കേണ്ടി വരും.

കല്‍പ്പറ്റ മണ്ഡലത്തിലും ടി.സിദ്ദിഖിനെതിരെ പ്രാദേശിക വികാരം ശക്തമാണ്. തവനൂരില്‍ റിയാസ് മുക്കോലി, കുണ്ടറയില്‍ കല്ലട രമേശ് എന്നിവരാണ് സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. ഇന്ന് വൈകീട്ടോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മുല്ലപ്പള്ളി ദില്ലിയില്‍ നിന്ന് എത്തിയ ശേഷം രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി സംസാരിച്ച് തീരുമാനം എടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷങ്ങളിലുണ്ടായ ആശയക്കുഴപ്പങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് നേതൃത്വം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.